കൊലക്കേസ് പ്രതിയായ തലവനടക്കം മൂന്നു ഗുണ്ടകൾ പിടിയിൽ

Crime

തിരുവല്ല: കഞ്ചാവ് വില്‍പ്പന പൊലീസിന് ഒറ്റിക്കൊടുത്തതിന്റെ പേരില്‍ കൊലക്കേസ് പ്രതിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തില്‍ പരുമല തിക്കപ്പുഴയില്‍ മാരകായുധങ്ങളുമായി വീടുകയറി ആക്രമണം. വിവരമറിഞ്ഞ് എത്തിയ പൊലീസിന് നേരെയടക്കം ഗുണ്ടാസംഘം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊലക്കേസ് പ്രതിയായ ഗുണ്ടാ തലവന്‍ അടക്കം മൂന്ന് പേര്‍ പുളിക്കീഴ് പൊലീസിന്റെ പിടിയില്‍. പ്രതികളെ കീഴ്‌പ്പെടുത്തതിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

ഗുണ്ടാ തലവന്‍ ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് പനത്തില്‍ വീട്ടില്‍ നിബിന്‍ ജോസഫ് (35), ഫാത്തിമാ പുരം അമ്പാട്ട് വീട്ടില്‍ ആര്‍. കണ്ണന്‍ (27), ഫാത്തിമപുരം പുതുപ്പറമ്പില്‍ വീട്ടില്‍ അന്‍സല്‍ റഹ്മാന്‍ (25) പിടിയിലായത് . പുളിക്കീഴ് സ്‌റ്റേഷനിലെ സിപിഒമാരായ സന്ദീപ്, അനൂപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സന്ദീപിന്റെ ഇടത് കൈവിരല്‍ ഒടിഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിക്കപ്പുഴ മലയില്‍ തോപ്പില്‍ വീട്ടില്‍ ജയന്റെ വീടുകയറി നടത്തിയ ആക്രമണത്തിലെ പ്രതികളാണ് പിടിയിലായത്. ഒന്നാം പ്രതി നിബിനെ സംഭവ സ്ഥലത്ത് തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് രണ്ട് പ്രതികളായ കണ്ണനും അന്‍സലും ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് പിടിയിലായത്. നിബിന്‍ ജോസഫും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും ചേര്‍ന്ന് മാന്നാര്‍, കടപ്ര ഭാഗത്ത് നടത്തിയിരുന്ന കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ഒറ്റിയതിന്റെ പേരില്‍ ജയന്റെ മകന്‍ ജയസൂര്യയുമായി നിബിന് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യം ആണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറിയതിന്റെ പേരില്‍ മൂന്നാഴ്ച മുമ്പ് രാത്രി 10 മണിയോടെ കടപ്ര ഗ്രാന്‍ഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന ആശിര്‍വാദ് സിനിമാസില്‍ സിനിമ കാണാന്‍ എത്തിയ ജയസൂര്യയെയും സുഹൃത്തുക്കളായ ശ്രീഹരി, ആദിത്യന്‍ എന്നിവരെ നിഷാദും ചെങ്ങന്നൂര്‍ സ്വദേശി സുജിത്ത് കൃഷ്ണനും ചേര്‍ന്ന് തീയറ്ററിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പിടിയിലായ ഇരുവരും റിമാന്‍ഡില്‍ കഴിയുകയാണ്. ഇതിനിടെയാണ് നിഷാദിന്റെ സുഹൃത്തും ഗുണ്ടാ തലവനുമായ നിബിന്‍ ജോസഫും സംഘവും ചേര്‍ന്ന് ജയസൂര്യയെ വീട് കയറി ആക്രമിച്ചത്.

2016 ല്‍ ചങ്ങനാശ്ശേരി സ്വദേശിയായ റിട്ട. അധ്യാപികയെ സംഘം ചേര്‍ന്ന് നടത്തിയ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിബിന്‍ ജോസഫ്. കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിബിനും കേസിലെ രണ്ടാംപ്രതി കണ്ണനും എതിരെ വധശ്രമം, വീട് കയറി ആക്രമണം, പിടിച്ചു പറി, അടിപിടി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *