പത്തനംതിട്ട: വി- കോട്ടയത്തെ തുടിയുരുളിപ്പാറയിലെ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് അനുകൂലമായി നിലപാടെടുത്ത നേതാക്കൾക്കെതിരേ സിപിഎമ്മിൽ പൊട്ടിത്തെറി. ഖനനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു നടന്ന യോഗത്തിൽ സിപിഎം സംസ്ഥാന സമിതിയംഗവും, മുൻ എംഎൽഎയുമായ രാജു ഏബ്രഹാം പങ്കെടുത്തതോടെയാണ് വിവാദം രൂക്ഷമായത്. ഖനാനുമതിയെ പിന്തുണയ്ക്കാനുള്ള പാർട്ടി നീക്കത്തിൽ പ്രതിഷേധിച്ച് വള്ളിക്കോട് മേഖലയിലെ ഒരു ലോക്കൽ സെക്രട്ടറിയും നാല് ബ്രാഞ്ച് സെക്രട്ടറിമാരും മേൽഘടകങ്ങൾക്ക് രാജിക്കത്ത് നൽകി. പാർട്ടി കീഴ്വഴക്കം അനുസരിച്ച് രാജിവയ്ക്കുന്ന രീതി ഇല്ലാത്തതിനാൽ തങ്ങളെ പാർട്ടിയിൽ നിന്നു പുറത്താക്കുകയോ നടപടിയെടുത്ത് മാറ്റി നിർത്തുകയോ വേണമെന്നാണ് കത്തിലെ ആവശ്യം. ബ്രാഞ്ച് സെക്രട്ടറിമാർക്ക് പിന്തുണയുമായി അന്പതോളം പാർട്ടി പ്രവർത്തകരും പാർട്ടി വിടാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
വി.കോട്ടയം അന്തിച്ചന്ത, അന്തിച്ചന്ത ബി, എൽപി സ്കൂൾ, ഇളപ്പുപാറ ബ്രാഞ്ച് കമ്മിറ്റിയിൽ പെട്ടവരാണ് പാർട്ടി നേതൃത്വത്തെ പരസ്യമായി പ്രതിഷേധം അറിയിച്ചത്. വി. കോട്ടയത്തെ പാർട്ടി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉയർത്തിയ വിഷയം കഴിഞ്ഞ ദിവസം കൂടിയ കോന്നി ഏരിയാ കമ്മിറ്റിയും ചർച്ച ചെയ്തതായി പറയുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കൂടി പങ്കെടുത്ത യോഗമായിരുന്നുവെങ്കിലും അംഗങ്ങളുടെ അഭിപ്രായം കേട്ടതല്ലാതെ ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു അഭിപ്രായം നേതൃത്വം രേഖപ്പെടുത്തിയിട്ടില്ല.
What do you feel about this post?
Like
Love
Happy
Haha
Sad

