ഉരുൾപൊട്ടൽ ദുരന്തമേഖലകൾ സന്ദർശിച്ച് പ്രധാനമന്ത്രി ; ക്യാമ്പുകളിലുള്ളവരെയും ചികിത്സയിൽ കഴിയുന്നവരെയും ആശ്വസിപ്പിച്ച് പ്രധാമന്ത്രി

Kerala Wayanad
Print Friendly, PDF & Email

വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല ഉൾപ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ 11.47ഓടെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലേക്കാണ് നേരിട്ടെത്തിയത്. ദുരന്തബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ ഇരുന്ന് വീക്ഷിച്ച ശേഷം കൽപ്പറ്റയിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയോടൊപ്പം ഹെലികോപ്റ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ഉണ്ടായിരുന്നു.

ദുരന്ത ബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയ ശേഷം ഉച്ചയ്ക്ക് 12.15 ഓടെ കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കും പുറമെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, ഒ ആർ കേളു, ടി സിദ്ദീഖ് എംഎൽഎ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും റോഡ് മാർഗം ദുരന്തബാധിത പ്രദേശമായ ചൂരൽമലയിലെത്തി. ഏറെ നേരം ദുരന്തമുണ്ടായ സ്ഥലങ്ങൾ മറ്റുള്ളവർക്കൊപ്പം നടന്നുകണ്ട അദ്ദേഹം, ചീഫ് സെക്രട്ടറി ഡോ. വി വേണു, ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, എഡിജിപി എം ആർ അജിത്കുമാർ തുടങ്ങിയവരിൽ നിന്ന് ഉരുൾപൊട്ടലിന്റെ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. തുടർന്ന് ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്‌കൂൾ നിലനിന്ന സ്ഥലവും ബെയ്‌ലി പാലവും സന്ദർശിച്ചു. രക്ഷാ പ്രവർത്തനത്തിനെത്തിയ സൈനികരുമായി സംസാരിച്ചു.

തുടർന്ന് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്തത്തെ അതിജീവിച്ചവരുടെ പ്രതിനിധികളായ ഒൻപത് പേരുമായി സംസാരിച്ചു. ദുഖം തളംകെട്ടിനിൽക്കുന്ന അന്തരീക്ഷത്തിൽ പ്രധാനമന്ത്രിയോട് സംസാരിച്ച അവരുടെ കണ്ണുകൾ നിറഞ്ഞു, തൊണ്ടകളിടറി വാക്കുകൾ മുറിഞ്ഞു. പറയാൻ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടിയ അവരുടെ തലയിൽ കൈവച്ചും തോളിൽ അമർത്തിപ്പിടിച്ചും കൈകൾ ചേർത്തുപിടിച്ചും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ഈ മഹാദുരന്തത്തെ അതിജീവിക്കാൻ രാജ്യം ഒപ്പുമുണ്ടാവുമെന്ന ആശ്വാസ വാക്കുകൾ ചൊരിഞ്ഞു.

അവിടെനിന്ന്, ദുരന്തത്തിനിടയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച മേപ്പാടി വിംസ് ഹോസ്പിറ്റലിലെത്തിയ പ്രധാനമന്ത്രി, ചികിത്സയിൽ കഴിയുന്നവരുടെ പ്രതിനിധികളായ നാലുപേരുമായി സംസാരിച്ചു. കുരുന്നുകളെ ചേർത്തുപിടിക്കുകയും കുശലം പറയുകയും ചെയ്ത അദ്ദേഹം, പരിക്കേറ്റവരെയും കൂടെയുള്ളവരെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.

വൈകിട്ട് നാലു മണിയോടെ കലക്ടറേറ്റിലെത്തിയ പ്രധാനമന്ത്രി അവലോകന യോഗത്തിൽ സംബന്ധിച്ചു. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഡോ. ശെയ്ഖ് ദർവേശ് സാഹെബ്, ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, എഡിജിപി എം ആർ അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *