അടൂർ: സാമൂഹികമായ വെല്ലുവിളികളെ നേരിടുന്നതിൽ കേരളത്തിലെ ആരോഗ്യ മേഖല തനതായ ശൈലിയാണ് സ്വീകരിച്ചുവരുന്നതെന്ന് കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റിയും അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജും ചേർന്ന് സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടിണി, വസൂരി തുടങ്ങിയ കാലഘട്ടങ്ങളെ കേരളം നേരിട്ടത് തനതായ ശൈലിയിലൂടെയാണ്. ഇതിന്റെ അനന്തരഫലമായി ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കാനും നമുക്കു കഴിഞ്ഞുവെന്ന് ഡോ.എം.കെ.സി. നായർ ചൂണ്ടിക്കാട്ടി.
ഓട്ടിസം സ്‌പെക്ടർ ഡിസോർഡർ ഇന്ന്, നാളെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിനും ഡോ. എം.കെ.സി. നായർ നേതൃത്വം നൽകി. പരസ്പരമുള്ള കൂടിച്ചേരലുകളും ആശയ സംവേദനവും സൗഹൃദങ്ങളും പരിമിതപ്പെടുമ്പോൾ കുട്ടികൾ അടച്ചിട്ട മുറികളിലേക്ക് ഒതുങ്ങുന്നത് അവരുടെ വളർച്ചയെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണെന്ന് ഡോ. എം.കെ.സി. നായർ പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. മൗണ്ട് സിയോൻ ഗ്രൂപ്പ് ചെയർമാൻ ഡോ.ഏബ്രഹാം കലമണ്ണിൽ ആമുഖപ്രഭാഷണം നടത്തി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ. ശ്രീദേവി, കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം ബോബി ഏബ്രഹാം, ജില്ലാ സെക്രട്ടറി ജി. വിശാഖൻ, മുൻ സംസ്ഥാന കമ്മറ്റിയംഗം ജി. രാജേഷ്‌കുമാർ, മൗണ്ട് സിയോൻ ഗ്രൂപ്പ് എം.ഡി .ജോ ഏബ്രഹാം, വൈസ് ചെയർമാൻ സാം ഏബ്രഹാം, ഡയറക്ടർ ഷിജു വർഗീസ് പ്രഫ.ഡി.കെ. ജോൺ എന്നിവർ പ്രസംഗിച്ചു. പീ്ഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. പി. സവിധ, സൈക്യാട്രി വിഭാഗം മേധാവി ഡോ. വി.സതീഷ്, അസിസ്റ്റന്റ് പ്രഫസർ ഡോ.അഞ്ജന ടി. നായർ, സീനിയർ കൺസൾട്ടന്റ് ഡോ.വിദ്യ സുഭാഷ്, സീനിയർ സൈക്കോളജിസ്റ്റ് ഡോ.പി.എം. അഞ്ജു തുടങ്ങിയവർ ചർച്ചകൾ നയിച്ചു.


