പത്തനംതിട്ട – ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം പത്തനംതിട്ട, ഐ.എ.പി പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആശാ പ്രവർത്തകർക്കുള്ള ജില്ലാതല ക്വിസ് മത്സരവും മുലയൂട്ടൽ വാരാചരണ സമാപന ചടങ്ങും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കാഞ്ഞീറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. ബിബിൻ സാജൻ ക്വിസ് മത്സരത്തിൽ മോഡറേറ്ററായി.
മുലയൂട്ടലിനുള്ള പിന്തുണ എല്ലാവർക്കും നൽകാം എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. മുലപ്പാലിന്റെ പ്രാധാന്യം, ആദ്യ മണിക്കൂറിനുള്ളിൽ നവജാത ശിശുവിന് മുലപ്പാൽ നൽകേണ്ടതിന്റെ ആവശ്യകത, ആറുമാസം വരെ മുലപ്പാൽ മാത്രം നൽകൽ, ആറുമാസം മുതൽ രണ്ടു വയസുവരെ കുട്ടികൾക്ക് മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാൽകൂടി നൽകൽ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വാരാചരണം സംഘടിപ്പിച്ചത്. ആശാപ്രവർത്തകർകർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഏഴുമറ്റൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആശാ ശേഖർ, ബിന്ദു ഉത്തമൻ എന്നിവർ ഒന്നാം സ്ഥാനവും, കോന്നി താലൂക്ക് ആശുപത്രിയിലെ ജി. വത്സല , എസ്. ശ്രീജ എന്നിവർ രണ്ടാം സ്ഥാനവും, മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ പി.എൻ. സുജാത, സി.ആർ. അനീഷ എന്നിവർ മൂന്നാം സ്ഥാനവും നേടി വിജയികളായി.
സമാപന ചടങ്ങിൽ മത്സരത്തിൽ വിജയികളായവർക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി വിതരണം ചെയ്തു.ജില്ലാ ആർ.സി.എച്ച്.ഓഫീസർ ഡോ.കെ.കെ ശ്യാംകുമാർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ, ഡോ.എസ്. സേതുലക്ഷ്മി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (ആരോഗ്യം) ആർ.ദീപ, ജില്ലാ നഴ്സിംഗ് ഓഫീസർ (ഇൻ ചാർജ്) എൻ.സുമ, എം.സി. എച്ച് ഓഫീസർ (ഇൻചാർജ്) ഷീജിത് ബീവി, ആർ. ബി. എസ്. കെ കോഡിനേറ്റർ ജിഷ സാരു തോമസ്, ആരോഗ്യപ്രവർത്തകർ ,ആശാ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഫ്ലാഷ്മൊബും നടന്നു.


