അക്കരയിക്കരെ തൊടാതെ കോഴഞ്ചേരിയിലെ പുതിയ പാലം :

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ആരോഗ്യമന്ത്രി കൂടിയായ ആറന്മുള എംഎൽഎ വീണാ ജോർജിന് അങ്ങനെ ഒരു പതിവുണ്ട്. എല്ലാം തുടങ്ങി വയ്ക്കും. പക്ഷേ, ഒന്നും അങ്ങോട്ട് തീരില്ല. ആറന്മുള മണ്ഡലത്തിൽ ഉദാഹരണങ്ങൾ ഒരു പാടുണ്ട് ചൂണ്ടിക്കാട്ടാൻ. അബാൻ മേൽപ്പാലം, വിവിധ റോഡുകൾ. ഏറ്റവും പ്രധാനമായുള്ളത് കോഴഞ്ചേരിയിൽ പമ്പയ്ക്ക് കുറുകേയുള്ള മേൽപ്പാലമാണ്.

മാനത്ത് മഴക്കാർ കാണുമ്പോഴും മാരാമൺ കൺവൻഷൻ എത്തുമ്പോഴും മാത്രമാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിന് ജീവൻ വയ്ക്കുന്നത്. ആറ് വർഷമായി ഒരേ അവസ്ഥയാണ് പാലത്തിന്. അങ്ങുമിങ്ങും കൂട്ടിമുട്ടിയിട്ടില്ല. കാലവർഷം തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ നദിയിലേക്ക് ഇറക്കിയ ജെസിബിയും ഏതാനും നിർമ്മാണ സാമഗ്രികളും അതെ പോലെ കരയിലേക്ക് കയറ്റി. അതിപ്പോൾ കാണാനേയില്ലെന്ന് നാട്ടുകാർ. പാലം നിർമ്മാണ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചെന്നും ഇനിയുള്ള പണികൾ ഉടൻ നടക്കുമെന്നും മഴയ്ക്ക് തൊട്ട് മുൻപായി ബന്ധപ്പെട്ടവരുടെ അറിയിപ്പ് വന്നിരുന്നു. മന്ത്രിയും ഇക്കാര്യം ശരി വച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ വന്ന ജോലിക്കാരും സ്ഥലം വിട്ടു. ഇനി മഴ കഴിഞ്ഞ് വെള്ളം താഴ്ന്ന് വരുമ്പോഴേയ്ക്കും മാസങ്ങൾ കഴിയും. അപ്പോൾ കൺവൻഷൻ അടുക്കും. പതിവ് തെറ്റിക്കാതെ വണ്ടികൾ നദിയിൽ ഇറങ്ങുമായിരിക്കും.

സമീപന പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ ആണ് കോഴഞ്ചേരി സമാന്തര പാലത്തിന്റെ പണികൾ വൈകാൻ കാരണമായതെന്നും വിശദീകരണമുണ്ട്.. കാലവർഷം തുടരുന്നതിനാൽ പുഴയിലെ ജോലികൾ ഇനി ഇപ്പോൾ ചെയ്യാൻ കഴിയില്ലെന്നും ഇതിന് ശേഷം ആരംഭിക്കുമെന്നും പറയുന്നു. നദിയിലെ തൂണിന്റെ മുകളിൽ സ്ഥാപിക്കാനുള്ള എൻബ്രൈഡറിന്റെ നിർമാണത്തിനുള്ള സാമഗ്രികൾ എത്തിച്ചെങ്കിലും നദിയിൽ ജലനിരപ്പ് ഉയർന്നതു കാരണം തുടങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരി അവസാനം മാരാമൺ കൺവൻഷനു ശേഷമാണ് മുടങ്ങിക്കിടന്ന പണികൾ പുനരാരംഭിച്ചത്. അപ്പോൾ നദിയിൽ നാലു തൂണുകളും രണ്ടു എൻബ്രൈഡറുകളും മാത്രമാണ് പൂർത്തിയായിരുന്നത്. മാരാമൺ ഭാഗത്തെ സ്ഥലം ഏറ്റെടുത്തു സമീപന പാതയുടെ പണികൾ ഇടക്ക് തുടങ്ങിയെങ്കിലും ഒന്നുമായില്ല. സമാന്തര പാലത്തിന് മാരാമൺ ഭാഗത്ത് ഒന്നും കോഴഞ്ചേരി ഭാഗത്ത് രണ്ടും മൂന്ന് ലാൻഡ് സ്പാനുകളാണ് വേണ്ടത്. .

ഇതിൽ മാരാമൺ ഭാഗത്തെ സ്പാനിന്റെ കോൺക്രീറ്റിങിന് മുൻപേയുള്ള പാർശ്വ ഭിത്തികളുടെ നിർമാണവും നടന്നുവരികയാണ്. കോഴഞ്ചേരി ഭാഗത്തെ സമാന്തര പാതയ്ക്കു സ്ഥലം ലഭ്യമാക്കി കലക്ടർ ഉത്തരവിട്ടെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല. പോസ്റ്റ് ഓഫിസ് നിൽക്കുന്ന സ്ഥലത്ത് മാർക്കിങ് നടത്തിയതാണ് ഇവിടെയുള്ള പുരോഗതി. എന്നാൽ റോഡ് രൂപകൽപ്പന ആയിട്ടില്ല. രണ്ടു ലാൻഡ് സ്പാനുകളും ഇവിടെ നിർമിക്കാനുണ്ട്. പാലം കോഴഞ്ചേരി കരയിലേക്ക് കയറിയിട്ടില്ല. ഇനി മഴ കഴിഞ്ഞു വരുമ്പോൾ നടക്കും എന്ന പ്രതീക്ഷയാണ് നേതാക്കൾ പങ്ക് വയ്ക്കുന്നത്. പത്തനംതിട്ട-തിരുവല്ല സംസ്ഥാന പാതയിൽ കോഴഞ്ചേരിയിലെ തിരക്ക് കുറക്കാനായാണ് കോഴഞ്ചേരിയിൽ സമാന്തര പാലം നിർമ്മാണം ആരംഭിച്ചത്. ഇതിന്റെ ആവശ്യത്തിനായി സ്ഥലം കണ്ടെത്താൻ കോഴഞ്ചേരി ചന്തയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി. ഇതോടെ ഇവിടെ കടകളും ചന്തയും മാറ്റി. പുതിയ ഇടം ലഭിച്ചതുമില്ല, പഞ്ചായത്തിന് ലഭിച്ചിരുന്ന കോടികളുടെ വരുമാനംനിലയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *