റേഞ്ച്‌റോവർ അപാരത ; നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: നഗരത്തിൽ അമിത വേഗതയിലെത്തിയ ആഡംബര കാർ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന ചെങ്ങന്നൂർ തിരുവൻവണ്ടൂർ കണ്ടത്തിൽ കളത്തിൽ കെ.സി ജേക്കബ് (72), ബൈക്കിൽ സഞ്ചരിച്ച തിരുവല്ല ഓതറ ചക്കാലയിൽ വീട്ടിൽ ഷിജിൻ കുര്യൻ (23), ചാത്തങ്കരി ആഞ്ഞിലിമൂട്ടിൽ ഷെറിൻ കുര്യൻ (44) എന്നിവർക്കാണ് പരിക്കേറ്റത്.

തലയ്ക്ക് പിന്നിൽ മുറിവേറ്റ ജേക്കബിനെ ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഒടിവുണ്ടായ ഷിജിൻ കുര്യനെയും കാലിന് പരിക്കേറ്റ ഷെറിനെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിക്ക് ലീയാൻസ് ബേക്കറിക്ക് മുന്നിലാണ് അപകടം. തിരുവല്ലയിൽ നിന്ന് പൊടിയാടി ഭാഗത്തേക്ക് പോയ റേഞ്ച് റോവർ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന രണ്ട് കാറുകളിലും ഇടിച്ച് നിയന്ത്രണം വിട്ട് റോഡരുകിലെ കൈവരിയിലിടിച്ചശേഷം പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചു നിൽക്കുകയായിരുന്നു.

പാർക്ക് ചെയ്തിരുന്ന കാർ മുന്നോട്ട് പോയി പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും ഇടിച്ചു മറിച്ചു. നാല് കാറുകളും നാല് ബൈക്കുകളും അപകടത്തിൽ തകർന്നു. അപകടമുണ്ടാക്കിയ ആഡംബര കാർ ഉടമയുടെ ബന്ധുവായ െ്രെഡവർ തിരുവല്ല കാരയ്ക്കൽ വാരിക്കാട് എബി വർഗീസിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ ആളുകളുമായി ഇയാൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പട്രോളിംഗിനെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *