പിതൃസ്മരണ പുതുക്കി കോന്നി കല്ലേലിക്കാവിൽ കർക്കിടക വാവൂട്ട് നാളെ

Pathanamthitta Lifestyle
Print Friendly, PDF & Email

കോന്നി (പത്തനംതിട്ട ): ചിരപുരാതനമായി ദ്രാവിഡ സംസ്കൃതിയിൽ ഒഴിച്ച് കൂടാനാവാത്ത ഗോത്ര ആചാരങ്ങളെ വെറ്റില താലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന കർക്കടക വാവിനോട് അനുബന്ധിച്ചുള്ള 1001 മുറുക്കാൻ സമർപ്പണവും 1001 കരിക്കിൻറെ മലയ്ക്ക് പടേനിയും വാവൂട്ടും (3/08/2024) നടക്കും

ആദി ദ്രാവിഡ നാഗഗോത്ര ജനതയുടെ വെച്ചാരാധന ഉള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് . നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണർത്തി ഊട്ടും പൂജയും അർപ്പിച്ച് പുണ്യാത്മാക്കൾക്ക് തേക്കില നാക്ക് നീട്ടിയിട്ട് അതിൽ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവർഗ്ഗ വിളകളും വെച്ച് പരമ്പ് നിവർത്തി അതിൽ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിൻ തലമുറക്കാർ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങൾ വെച്ച് പൂർവ്വികരുടെ അനുഗ്രഹം തേടുന്ന അത്യപൂർവ്വ പൂജകൾക്ക് കല്ലേലിക്കാവ് സാക്ഷ്യം വഹിക്കും .

രാവിലെ 4.30 ന് കളരിയിൽ ദീപം പകർന്ന് മല ഉണർത്തി ,കാവ് ഉണർത്തി താംബൂല സമർപ്പണത്തോടെ 999 മല ദൈവങ്ങളെ വിളിച്ചുണർത്തി പ്രകൃതി സംരക്ഷണ പൂജ ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , വന്യ ജീവി സംരക്ഷണ പൂജ ,സമുദ്ര പൂജ എന്നിവയോടെ 5 .30 ന് കർക്കടക വാവ് ബലി കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് കളരി ആശാൻമാർക്കും ഗുരുക്കൻമാർക്കും പിതൃക്കൾക്കും പർണ്ണ ശാലയിൽ വിശേഷാൽ പൂജകൾ നടക്കും . തുടർന്ന് കർക്കടക വാവ് ബലി കർമ്മവും അച്ചൻ കോവിൽ നദിയിൽ സ്നാനവും നടക്കും.

രാവിലെ 8.30 ന് ഉപസ്വരൂപ പൂജകൾ , വാനരഊട്ട് , മീനൂട്ട് , ആനയൂട്ട്‌ തുടർന്ന് കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം 9 മണിയ്ക്ക് നിത്യ അന്നദാനം 10 മണിയ്ക്ക് 1001 മുറുക്കാൻ സമർപ്പണം,1001 കരിക്കിൻറെ മലയ്ക്ക് പടേനി, 11.30 ന് നിവേദ്യ പൂജ, വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം രാത്രി 8 മണി മുതൽ പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗത്തിനും പിതൃക്കൾക്കും വറപ്പൊടിയും ചുട്ട വിളകളും അടയും തേനും ചേർത്ത് വാവൂട്ട് ചടങ്ങുകൾ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *