സഹായിക്കണമെന്ന അപേക്ഷയുമായി വീട്ടിലെത്തി, കണ്ണുതെറ്റിയപ്പോൾ ഒന്നരലക്ഷം രൂപയടങ്ങുന്ന ബാഗും മോഷ്ടിച്ച് കടന്നുകളഞ്ഞു

Crime
Print Friendly, PDF & Email

പന്തളം: സാമ്പത്തിക സഹായം ചോദിച്ചെത്തി വീട്ടിൽ നിന്നും ഒന്നരലക്ഷം കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറ വിളാകത്ത് പുത്തൻ വീട്ടിൽ ബിന്ദു 36) വാണ് അറസ്റ്റിലായത്. ഒന്നരമാസം മുമ്പ് മാന്തുകയിലെവീട്ടിൽ നിന്നാണ് പ്രതി പണം മോഷ്ടിച്ച് കടന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അമ്മയുടെ നൂറനാട് പാറ്റൂർ തടത്തിൽ പറമ്പിൽ വീട്ടിൽ നിന്നും ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മോഷ്ടാവിനായുള്ള തെരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയിരുന്നു. മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി മകളുടെ പഠനാവശ്യത്തിനും ഭർത്താവിന്റെ ചികിത്സയ്ക്കും എന്നും മറ്റും പറഞ്ഞു സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർ.ഡി.ഏജന്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്. കളക്ഷൻ തുകയായ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് വീടിന്റെ സിറ്റൗട്ടിൽ വച്ചിട്ട് ഇവർ വീട്ടിനുള്ളിൽ കയറിയ തക്കം നോക്കി യുവതി ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

പല സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചുവന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും അന്വേഷണം വ്യാപകമാക്കിയതിനെ തുടർന്നാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐമാരായ അനിൽ കുമാർ, അനീഷ് എബ്രഹാം എസ് സി പി ഓ ആർ സി രാജേഷ്, സി പി ഓമാരായ അൻവർഷാ, രഞ്ജിത്ത് രമണൻ, അനൂപ എന്നിവരാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *