പത്തനംതിട്ട – സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം പെട്ടെന്ന് ബാധിക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പദ്ധതി നടപ്പാക്കും. ആധുനിക കാലാവസ്ഥ പ്രവചന സംവിധാനം ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. റെയിൻ ഗേജ് സ്റ്റേഷനുകൾ നിർമ്മിത ബുദ്ധിയുടെ സഹായത്താൽ നവീകരിക്കും. കൊച്ചിൻ സർവകലാശാല പോലുള്ള മികച്ച ഏജൻസികളെ ഉൾപ്പെടുത്തി ഏറ്റവും കാര്യക്ഷമമായ കാലാവസ്ഥ പ്രവചന, മുന്നറിയിപ്പ് സംവിധാനം ഒരുക്കും. ആധുനിക ഡാം മാനേജ്‌മെന്റ് സിസ്റ്റം ക്രമീകരിക്കും.
പത്തനംതിട്ടയിൽ മന്ത്രി പിസി വിഷ്ണുനാഥ് ക്യാമ്പ് ചെയ്തു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും മികച്ച സഹകരണം ഉണ്ടായി. വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ല ഭരണകൂടം മാതൃകാപരമായി പ്രവർത്തിച്ചു .
ജില്ലയിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തലധികം പേർ നിലവിലുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അധിക തുക വിനിയോഗിക്കാൻ ജില്ല കലക്ടർക്ക് അനുമതി നൽകി. ക്യാമ്പുകളിൽ പരമാവധി 150 പേരായി നിജപ്പെടുത്തി ബാക്കിയുള്ളവരെ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. സ്വകാര്യ ആശുപത്രികളുടെ കൂടി സഹായത്തോടെ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിൽ എത്തും മുമ്പ് കിണറുകൾ ക്ലോറിനേഷൻ നടത്തും.
വീടുകളുടെ ശുചീകരണത്തിന് വോളന്റിയർമാരുടെ സഹായം തേടും. വീട് ശുചീകരണത്തിന് 10,000 രൂപ അനുവദിച്ചു. പുനരധിവാസത്തിന് സ്ഥലം വാങ്ങി വീട് നിർമ്മിക്കാനുള്ള തുക 10 ൽ നിന്ന് 12 ലക്ഷമാക്കി ഉയർത്തി. വീട് നഷ്ടപ്പെട്ടവർക്ക് അനുവദിച്ചിരുന്ന തുക നാലിൽ നിന്ന് ആറ് ലക്ഷം രൂപയായി ഉയർത്തി. എൻഡിആർഎഫ് , പൊലീസ്, ഫയർഫോഴ്‌സ്, റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ ദുരന്ത സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അടിഞ്ഞു കൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കം ചെയ്ത് നദികളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മുഖ്യമന്ത്രി സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.
ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, സി വി ശാന്തകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ല പൊലീസ് മേധാവി ആർ ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: കോഴഞ്ചേരി
കോഴഞ്ചേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിക്കുന്നു

ചിത്രം: ആറന്മുള
ആറന്മള ചിറയിറമ്പ് എംറ്റിഎൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിക്കുന്നു


