പതിനേഴുകാരിക്ക് പിന്നാലെ നടന്നു ശല്യം ചെയ്യലും, ആസിഡ്, പെട്രോൾ ഒക്കെ ഒഴിച്ച് കത്തിക്കുമെന്നു ഭീഷണിയും : യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി

Crime Pathanamthitta

പത്തനംതിട്ട – പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം പതാക്ക് വീട്ടില്‍ ജോമോന്‍ കുര്യന്‍ (24) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാളുകളായി ഇയാള്‍ പതിനേഴുകാരിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് പെരുനാട് പോലീസ് മൊഴി രേഖപ്പെടുത്തി ബുധനാഴ്ച്ച കേസ് രജിസ്റ്റര്‍ ചെയ്തു.

ഫെബ്രുവരിയില്‍ മൈലപ്ര പള്ളിപ്പടിയിലെ വെയ്റ്റിംഗ് ഷെഡില്‍ ബസ് കാത്തുനിന്നപ്പോള്‍ ബൈക്കിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ കയ്യില്‍ കയറിപ്പിടിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചു. മറ്റൊരു ദിവസം വീട്ടിലെത്തി ശല്യം ചെയ്യുകയും ചെയ്തു. പിന്നീട് നിരന്തരം ഇയാള്‍ ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും, ആസിഡ് ഒഴിച്ച് കൊല്ലുമെന്നും പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ചൊവ്വാഴ്ച്ച പെണ്‍കുട്ടി റാന്നിയില്‍ പോയിതിരിച്ചുവരവേ അറയ്ക്കമണ്ണില്‍ വച്ച് പിന്തുടര്‍ന്ന് ശല്യം ചെയ്തതായും പറയുന്നു.

പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിന് അപേക്ഷ നല്‍കിയ പെരുനാട് പോലീസ്, പ്രതിയെ ബുധനാഴ്ച്ച വൈകിട്ട് വീടിനു സമീപത്തുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച യുവാവിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരുനാട് എസ് ഐ വി ടി ലഞ്ചുലാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരെ വേറെ കേസെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ലഞ്ചുലാലിനൊപ്പം എസ് ഐ റെജി തോമസ്, പോലീസ് ഉദ്യോഗസ്ഥരായ ആശ ഗോപിനാഥ്, സുഷമ കൊച്ചുമ്മന്‍, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *