സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടിന് നേരെ ആക്രമണം : അജ്ഞാതർ കാർ അടിച്ചു തകർത്തു

Crime
Print Friendly, PDF & Email

തിരുവല്ല: നാട്ടിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമോ ? കുറ്റൂരില്‍ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടിന് നേരെയായിരുന്നു ഇന്നലത്തെ ആക്രമണം. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു. തുകലശേരി അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ കുറ്റൂര്‍ കല്ലൂരേത്ത് വീട്ടില്‍ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. തിരുവല്ല താലൂക്കിൽ പലയിടത്തും സ്ത്രീകൾ തനിയെ താമസിക്കുന്ന വീടുകൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നുണ്ട്.

കുറ്റൂരിൽ ഉമാദേവിയും മാതാവ് ശാന്തകുമാരി അമ്മ(83)യും മാത്രമാണ് വീട്ടില്‍ താമസം. രാവിലെ ഏഴു മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. അയല്‍വാസിയുമായി വര്‍ഷങ്ങളായി വഴിതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇതാവാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. വീടിന്റെ മുന്‍ വാതിലിന്റെ പടിയില്‍ പൂച്ച, എലി എന്നിവ കൊന്ന് കൊണ്ടു വയ്ക്കുന്നത് പതിവാണെന്നും ഉമാദേവി പറഞ്ഞു. ഉമാദേവിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

പഠന ആവശ്യത്തിനായി മകന്‍ ബാംഗ്ലൂരിലും മകള്‍ പോണ്ടിച്ചേരിയിലും ആണ് ഉള്ളത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *