പോലീസ് കോൺസ്റ്റബിൾ ടെലികമ്മ്യൂണിക്കേഷൻ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 95% ഉദ്യോഗാർത്ഥികളും പുറത്ത്

Kerala Trivandrum

തിരുവനന്തപുരം: കേരള പോലീസിലെ ഏറ്റവും തന്ത്രപ്രധാന യൂണിറ്റായ ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി വിഭാഗത്തിലേക്കു നിയമനം നടത്തുന്നതിനായി പി.എസ്. സി സാങ്കേതിക പരീക്ഷ നടത്തി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ അവശേഷിക്കുന്ന കാലാവധി 90 പ്രവർത്തി ദിവസത്തിൽ താഴെ മാത്രം. 393 പേർ മെയിൻ ലിസ്റ്റിലും 131 പേർ സപ്ലിമെന്ററി ലിസ്റ്റിലും ഇടം നേടിയെങ്കിലും കേവലം 21 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.

സൈബർ കുറ്റാന്വേഷണങ്ങൾക്ക് സാങ്കേതിക സഹായം ലഭ്യമാക്കുക, വീഡിയോ കോൺഫറൻസിങ് ഉൾപ്പെടെ പോലീസിന്റെ വാർത്താവിനിമയത്തിന് ഭൗതിക സാഹചര്യമൊരുക്കുക, പോലീസ് സ്‌റ്റേഷനുകളിലേയും ഓഫീസുകളിലെയും സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനം അറ്റകുറ്റപ്പണികൾ, സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്‌റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിചരണം, വിവിവിഐപി ഡ്യൂട്ടികൾ, ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ കമ്മ്യൂണിക്കേഷൻ സംവിധാനം ഇൻസ്റ്റാൾ ചെയ്യലും അവയുടെ പരിപാലനവും, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെയും മറ്റ് നൂതന സുരക്ഷാ ഉപകരണങ്ങളുടെയും നിരീക്ഷണവും പരിപാലനവും, പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ പോലീസിന്റെ പ്രവർത്തനത്തെ ഏകോപിപ്പിക്കൽ എന്നിവയാണ് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി വിഭാഗത്തിന്റെ പ്രധാന ചുമതലകൾ. പഴയ കാലഘട്ടത്തിലെ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായി വൈവിധ്യമേറിയതും ഗൗരവകരവുമായ പുതിയ ചുമതലുകൾ ഏറ്റെടുത്ത് നടത്തിവരുമ്പോഴും 1974 ൽ യൂണിറ്റ് രൂപീകരിച്ച സമയത്തെ സ്റ്റാഫ് പാറ്റേണിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

കേരള പോലീസിൽ സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തപ്പെടുന്ന ഏക വിഭാഗമാണ് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി. പോലീസ് വാർത്താവിനിമയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നിക്ഷിപ്തമായിരിക്കെ വിവിധ പോലീസ് യൂണിറ്റുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സിഓബി നോഡുകൾ, കണ്ട്രോൾ റൂമുകൾ, ഇആർഎസ്എസ് എന്നിവയിൽ നിലവിൽ പ്രവർത്തിയെടുത്തു വരുന്നത് സാങ്കേതിക വൈഭവമോ പരിശീലനമോ ഇല്ലാത്ത സാധാരണ പോലീസ് ഉദ്യോഗസ്ഥരാണ്. സൈബർ ഡിവിഷൻ ഉൾപ്പെടെ വിവിധ യൂണിറ്റുകളിലേക്ക് പുനർവിന്യസിക്കുന്നതിനായാണ് ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ സിഓബി നോഡുകളിൽ നിന്നും കൺട്രോൾ റൂമുകളിൽ നിന്നും പിൻവലിച്ചത്. പോലീസ് സ്‌റ്റേഷനുകളിലെ അംഗബലത്തിൽ നിന്നും വർക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരിൽ യോഗ്യതയോ പരിശീലനമോ ഇല്ലാത്ത സാധാരണ പോലീസ് ഉദ്യോഗസ്ഥരെ കമ്മ്യൂണിക്കേഷൻ യൂണിറ്റുകളിൽ നിയോഗിക്കുന്നതുകൊണ്ട് ടെലികമ്മ്യൂണിക്കേഷൻ പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.

കാലാനുസൃതമായി പോലീസ് ജോലിയിൽ ഉണ്ടായിട്ടുള്ള വർദ്ധനവും സാങ്കേതിക വൈഭവമുള്ള സേനാംഗങ്ങളുടെ അഭാവവും സൈബർ കുറ്റകൃത്യങ്ങളുടെ ഗണ്യമായ വർദ്ധനവും കണക്കിലെടുത്ത് കേരളത്തിലെ 484 ലോ ആൻഡ് ഓർഡർ പോലീസ് സ്‌റ്റേഷനുകളിലും രണ്ട് വീതം ടെലി കമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അതിന് അധികമായി വേണ്ട 652 ടെലികമ്മ്യൂണിക്കേഷൻ തസ്തികകൾ സൃഷ്ടിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി സർക്കാറിനോട് ശുപാർശ ചെയ്‌തെങ്കിലും ധനവകുപ്പ് ഇടപെട്ട് ഈ നീക്കം മരവിപ്പിച്ചിരുന്നു. നിലവിൽ കേരളത്തിലെ 20 സൈബർ പോലീസ് സ്‌റ്റേഷനുകളിൽ മാത്രമാണ് ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുടെ സേവനമുള്ളത്. സൈബർ വിഭാഗത്തിലേക്ക് ഉൾപ്പെടെ ടെലികമ്മ്യൂണിക്കേഷൻ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സാധിക്കുമെന്നിരിക്കെയാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 95% ഉദ്യോഗാർത്ഥികളും നിയമനം ലഭിക്കാതെ പുറത്തു പോകുന്നത്.

അനുവദിക്കപ്പെട്ട അംഗബലം ഉപയോഗിച്ച് നിലവിലെ പ്രവർത്തികൾക്ക് പോലും ബുദ്ധിമുട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ 261 ഉദ്യോഗസ്ഥർ പ്രത്യേകം സർക്കാർ ഉത്തരവിലൂടെ സൈബർ ഡിവിഷനിലേക്ക് മാറ്റപ്പെട്ടതും. കൊല്ലം, തൃശൂർ, കണ്ണൂർ റൂറൽ ജില്ലകളിൽ ടെലികമ്മ്യൂണിക്കേഷൻ സബ് യൂണിറ്റുകൾ അനുവദിക്കാത്തത് മൂലമുള്ള അംഗബലത്തിലെ കുറവും നിലവിൽ കൈകാര്യം ചെയ്തുവരുന്ന പ്രവർത്തികളെ സാരമായി ബാധിക്കുന്നുണ്ട്. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധിക തസ്തികകൾ ആവശ്യമാണെന്നിരിക്കെ സർക്കാർ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *