പത്തനംതിട്ട – മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തെക്ക് പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി നിലവിലെ സ്ഥിതിയും മുന്നൊരുക്കങ്ങളും പരിശോധിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൻ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ വെള്ളം ഉയർന്നു നിൽക്കുന്ന സമയത്ത് പുഴയിൽ ഇറങ്ങുന്നതും ഒഴുക്കുള്ള സ്ഥലങ്ങളിൽ മീൻ പിടിക്കുന്നതും ഉൾപ്പെടെ കാര്യങ്ങൾ ഒഴിവാക്കണം. നീന്തലറിയാത്തവർ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. ഇതു സംബന്ധിച്ച് ബസപ്പെട്ട വകുപ്പുകൾ മുന്നറിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും, സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കയും വേണം. മാലിന്യ സംസ്‌കരണത്തിൽ വ്യക്തിപരമായ ഇടപെടൽ ഉണ്ടാകണം. നമ്മുടെ ചുറ്റുപാടും വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
മഴക്കാലത്ത് വ്യാപകമാകുന്ന സാംക്രമിക രോഗങ്ങൾ, ഡെങ്കിപനി, എലിപ്പനി മുതലായ പകർച്ച വ്യാധികൾ എന്നിവ പ്രതിരോധിക്കുന്നതിന് ഗൗരവപരമായ ഇടപെടൽ നടത്തണം. എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി കെട്ടി കിടക്കുന്ന വെള്ളവുമായി സമ്പർക്കം പുലർത്തുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം.
ജില്ലയിൽ സ്‌നേക്ക് ആന്റിവെനം ലഭ്യമായിട്ടുള്ള ആശുപത്രികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
വെള്ളം ഉയരുമ്പോൾ ഒറ്റപ്പെട്ട് പോകാൻ ഇടയുള്ള സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പുവരത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൽ യോഗം ചേർന്ന് മഴക്കാലപ്രശ്‌നങ്ങൾ കണ്ടെത്തി പ്രാദേശികമായി പരിഹരിക്കുന്നതിനുള്ള നടപടികൾ കൈ കൊള്ളണം. പഞ്ചായത്തുകൾ സുരക്ഷ ബോട്ടുകൾ, സുരക്ഷ ഉപകരണങ്ങൾ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും മോക്ഡ്രിലുകൾ സംഘടിപ്പിക്കുകയും ചെയ്യണം. പ്രീ സ്‌കൂൾ, അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവയുടെ സുരക്ഷ സ്ഥാപനമേധാവികളുടെ നേതൃത്വത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂളിനോട് ചേർന്ന് നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റണം.
വിവിധ താലൂക്കുകളിലായി 236 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. പൊതുജനങ്ങൾ ഉപയോഗിക്കുന്ന കിണറുകൾ, കുളങ്ങൾ, എന്നിവിടങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പാലങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. കെഎസ്ഇബി ലൈനുകളുടെ മുകളിൽ അപകരമായി നിൽകുന്ന മരങ്ങൾ മുറിച്ച് മാറ്റണം. സിവിൽ ഡിഫൻസ് വാളന്റിയർമാരും സന്നദ്ധസേന പ്രവർത്തകരും രക്ഷാപ്രവർത്തനായി സജ്ജരാകണം. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡാം മാനേജ്‌മെന്റ് കൃത്യമായി നടപ്പാക്കാൻ കോട്ടയം, ഇടുക്കി ജില്ലകളുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനം ഉറപ്പുവരുത്തണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.മഴക്കാല പൂർവ ശുചീകരണം താഴെ തട്ടു മുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഉണ്ടാകണം. മഴക്കാലത്ത് ഒറ്റപ്പെട്ടുപോകുന്ന റാന്നിയിലെ അരയാഞ്ഞിലിമൺ, ആങ്ങമൂഴി തുടങ്ങിയ ആദിവാസി ഊരുകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. പ്രേം. കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, തിരുവല്ല സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, അടൂർ ആർഡിഒ വി. ജയമോഹൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


