പത്തനംതിട്ട – പച്ചമണ്ണ് കൊണ്ടു പോകുന്നതിനുളള പാസ് നൽകാത്തതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് ടിപ്പർ ലോറി ഡ്രൈവറും സംഘവും. ശാസ്താംകോട്ട പള്ളിശേരിക്കൽ എംആർപഎസ് വില്ലയിൽ മുനീറി(24)നാണ് മർദ്ദനമേറ്റത്. വാര്യാപുരം ഭവൻസ് വിദ്യാമന്ദിർ പരിസരത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ടിപ്പർ ലോറി ഉടമ മാവേലിക്കര സ്വദേശി മഹേഷും സംഘവുമാണ് മർദ്ദിച്ചതെന്ന് മണ്ണെടുപ്പ് കരാർ എടുത്തിട്ടുള്ള ശാസ്താംകോട്ട സ്വദേശി നിസാം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്‌കൂളിന്റെ ഗ്രൗണ്ട് നിർമാണത്തിനായി കഴിഞ്ഞ മേയ് മാസം മുതൽ ഇവിടെ നിന്ന് മണ്ണ് നീക്കുന്നുണ്ട്. നിസാമാണ് ഇതിന് കരാർ എടുത്തിരുന്നത്. രണ്ട് മാസം മുൻപ് മഹേഷിന്റെ ഉടമസ്ഥതയിലുള്ള അമൃത ടോറസ് ടിപ്പർ മണ്ണു കൊണ്ടുപോയ വകയിൽ 48,500 രൂപ നിസാമിന് കൊടുക്കാനുണ്ട്. ഇന്നലെ ഉച്ചയോടെ വീണ്ടും ടിപ്പറുമായി മണ്ണെടുക്കുന്ന സ്ഥലത്ത് ചെന്ന് ലോഡ് കയറ്റി. ശേഷം പാസിന് മുനീറിനെ സമീപിച്ചു. എന്നാൽ, നേരത്തേയുള്ള കുടിശിക തീർത്തു തരാതെ പാസ് നൽകാനാവില്ലെന്ന് മുനീർ അറിയിച്ചു.
ഊണ് കഴിച്ച് വരാമെന്ന് പറഞ്ഞ് വണ്ടി അവിടെ ഇട്ടിട്ടു പോയ ഡ്രൈവർമാർ പിന്നീട് മടങ്ങി വന്നത് മഹേഷ് അടക്കം ആറു പേരുമായിട്ടാണ്. പാസ് തരില്ലേ എന്ന് ചോദിച്ച് മുനീറിനെ മർദ്ദിച്ച സംഘം ബലമായി പാസ് എഴുതി മണ്ണുമായി പോകാൻ ശ്രമിച്ചു. എന്നാൽ, സ്‌കൂൾ അധികൃതർ മെയിൻ ഗേറ്റ് പൂട്ടി. ഇതോടെ സംഘാംഗങ്ങൾ ടിപ്പറും മണ്ണും ഉപേക്ഷിച്ച് സ്‌കൂൾ കോമ്പൗണ്ടിന് പുറത്തു കടന്ന് കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു. മൂക്കിനും കണ്ണിനും നെഞ്ചിനും സാരമായി പരുക്കേറ്റ മുനീർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.


