സർക്കാർ സ്ഥാപനങ്ങളിലെ പതിവായ ഡ്യൂട്ടിക്കിടെ മദ്യപാനം : കോന്നി ഫയർ സ്‌റ്റേഷനിൽ രണ്ട് റെസ്‌ക്യൂ ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു

Crime
Print Friendly, PDF & Email

കോന്നി – സാധാരണ സർക്കാർ വകുപ്പുകളിലെ പതിവ് പോലെ ഡ്യൂട്ടിക്കിടെ മദ്യപാനത്തിലേർപ്പെട്ട കോന്നി അഗ്നിരക്ഷാ നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജിയണൽ ഫയർ ഓഫീസർ സസ്‌പെൻഡ് ചെയ്തു. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായവി.ആർ. അഭിലാഷ്, എസ്. ശ്യാംകുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്. ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഡയറക്ടർ (ഭരണം) നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവരെ മദ്യവുമായി കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നിന് വൈകിട്ട് ഡയറക്ടർ അരുൺ അൽഫോൺസ് നിലയത്തിലെത്തുമ്പോൾ ശ്യാംകുമാർ ഒരു ഗ്ലാസിൽ മദ്യവുമായി നിൽക്കുന്നതാണ്് കണ്ടത്. അന്ന് നിലയത്തിന്റെ ചുമതലയുള്ള അഭിലാഷുമായി ചേർന്ന് മദ്യപിക്കുകയായിരുന്നുവെന്ന് ഇയാൾ ഡയറക്ടർക്ക് മൊഴി നൽകി. ഈ വിവരം ഡയറക്ടർ നിലയത്തിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തി. ഇന്ന്‌ലെ ജില്ലാ ഫയർ ഓഫീസർ കോന്നി നിലയത്തിൽ ചെന്ന് പ്രാഥമിക അന്വേഷണം നടത്തി കോട്ടയം റീജിയണൽ ഫയർ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീജിയണൽ ഫയർ ഓഫീസർ എ.ആർ. അരുൺ കുമാർ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ഡയറക്ടറുടെ മിന്നൽ പരിശോധന സമയത്ത് നാലോളം പേർ അനധികൃതമായി ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിന്നിരുന്നുവെന്നും ഇവർക്കെതിരേ നടപടിയുണ്ടായിട്ടില്ലെന്നും പറയുന്നു. ഇങ്ങനെ മുങ്ങിയവരിൽ ഒരാൾ ഉന്നത ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ബന്ധുവായതാണ് നടപടി ഒഴിവാകാൻ കാരണമായിരിക്കുന്നതെന്ന് പറയുന്നു.

ഇപ്പോൾ സസ്‌പെൻഷനിലുള്ള രണ്ടു പേർ കൂടാതെ മറ്റു ചിലരും മദ്യപാന സദസിൽ ഉണ്ടായിരുന്നുവത്രേ. സ്ഥലം മാറിപ്പോയ ഒരു ജീവനക്കാരന്റെ ചെലവായിരുന്നു അന്ന് നടന്നത്. രണ്ടു പേർക്കെതിരേ മാത്രം നടപടിയുണ്ടാവുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തതിൽ സേനയിൽ അമർഷം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *