നിരണത്തെ “റോബിൻഹുഡിനെ” അറസ്റ്റ് ചെയ്ത് നൂറനാട് പോലീസ്

Crime

നൂറനാട്: യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് അവശനാക്കി മൊബൈൽ ഫോണും മോട്ടോർസൈക്കിളും കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ ആറു മാസത്തിന് ശേഷം പോലീസ് പിടികൂടി. നിരണം സെൻട്രൽ ഭാഗത്ത് മുണ്ടനാരിൽ വീട്ടിൽ മുണ്ടനാരി അനീഷ് എന്നു വിളിക്കുന്ന എം.എ.അനീഷ് കുമാറിനെ (39)യാണ് ഇന്നലെ രാത്രി എറണാകുളത്തു നിന്നും നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18 ന് നൂറനാട് കരിമാൻ കാവ് ക്ഷേത്രത്തിന് സമീപത്തു നിന്നും അരുൺ കൃഷ്ണൻ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കാറിലും നിരണത്തെ ആളൊഴിഞ്ഞ വീട്ടിലും വച്ച് മർദ്ദിച്ച് അവശനാക്കിയ ശേഷം മൊബൈൽ ഫോണും മോട്ടോർസൈക്കിളും കവർച്ച ചെയ്യുകയായിരുന്നു.

മോഷണം, കൊലപാതക ശ്രമം, കഞ്ചാവ് കടത്തൽ, ഭവനഭേദനം തുടങ്ങി മുപ്പതിലധികം കേസുകളിൽ പ്രതിയായ അനീഷ് നിരണം ഭാഗത്തെ റോബിൻഹുഡ് എന്നാണ് അറിയപ്പെടുന്നത്. ഇയാൾ നേതൃത്വം വഹിച്ച ക്രിമിനൽ സംഘമാണ് അരുൺ കൃഷ്ണനെ തട്ടിക്കൊണ്ടു പോയത്. സംഘാംഗമായ റെനു രാജനെ കരിമാൻകാവ് ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിയതിന് കൈകാര്യം ചെയ്ത കൂട്ടത്തിലുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണ് അരുൺ കൃഷ്ണനെ ഇവർ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സംഘത്തിൽ പെട്ട റെനു രാജൻ (26), ആദർശ് (19), ദീപക്ക് (19), മുഹമ്മദ് സെയ്ദലി (23), തരുൺ തിലകൻ (19), അഖിൽ . ടി .ആർ (23), ഫൈസൽ (30), ഉണ്ണിക്കുട്ടൻ ( 30 ), എന്നീ പ്രതികളെ മുൻപ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

എന്നാൽ സംഘത്തലവനായ മുണ്ടനാരി അനീഷ് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനു കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നിരണം പ്രദേശത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ വീടുകളിലും നിരന്തരം തെരച്ചിൽ നടത്തിയ അന്വേഷണ സംഘത്തിന് പലപ്പോഴും നിരാശപ്പെടേണ്ടി വന്നു. ഇതിനിടയിൽ ഇയാളുടെ ബാംഗ്ലൂർ, എറണാകുളം യാത്രകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

മുണ്ടനാരി, നിരണം, വീയപുരം, തിരുവല്ല, പ്രദേശങ്ങളിൽ ഇയാളുടെ സംഘാംഗങ്ങളിലും നാട്ടുകാരിലും നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. ഇതിനിടയിൽ കുത്തിയതോട് ഭാഗത്ത് വച്ച് ഇയാൾ വന്ന കാർ പോലീസ് തടഞ്ഞു പരിശോധിച്ചു. പക്ഷേ, അനീഷ് ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന ഇയാളുടെ സഹോദരൻ അഖിലിനെ 4.5 കിലോ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിനും ലഹരിക്കും അടിമപ്പെട്ട ഇയാൾ മുണ്ടനാരി കേന്ദ്രീകരിച്ച് ചെറുപ്പക്കാരുടെ ഒരു സംഘത്തെ ആദ്യം ലഹരിക്കടിമപ്പെടുത്തിയ ശേഷം അക്രമ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരികയായിരുന്നു.

ഇന്നലെ രാത്രി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒളിത്താവളത്തിൽ നിന്ന് അനീഷ് കുമാറിനെ നൂറനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. തിരുവല്ല, ആറന്മുള, ഹരിപ്പാട്, വീയപുരം, നൂറനാട്, മാന്നാർ, എടത്വ എന്നീ സ്റ്റേഷൻ പരിധികളിൽ 2007 മുതൽ 33 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പതിനേഴാം വയസ്സിൽ വാഹന മോഷണത്തിലാണ് ഇയാളുടെ ക്രിമിനൽ ചരിത്രം ആരംഭിക്കുന്നത്. തുടർന്ന് ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായി വീടുകയറി അക്രമം, കൊലപാതക ശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായി. നിലവിൽ തിരുവല്ല കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തലാണ്.

ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും 25 വയസിനു താഴെ പ്രായമുള്ളവരാണ്. പ്രായപൂർത്തിയാകാത്ത ചില കുട്ടികളും ലഹരിക്കടിമപ്പെട്ട് ഇയാളുടെ സംഘത്തിൽ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നതാണ്. എസ്.ഐ
എസ്. നിതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ എച്ച്. സിജു, വി. ജയേഷ്, ജംഷാദ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – 2 ൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംസ്ഥാനതലത്തിൽ കേരള പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ ആഗ് – മായി ബന്ധപ്പെട്ട് ഗുണ്ടകൾക്ക് എതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് മുണ്ടനാരി അനീഷിന്റെ അറസ്റ്റ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *