പത്തനംതിട്ട – വിദ്യാർഥികൾ മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും ശിക്ഷയും മനസ്സിലാക്കി മുന്നോട്ടു പോകണമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ പത്തനംതിട്ട ജില്ലയിൽ എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം, ‘ലഹരിയും നിയമങ്ങളും അറിവിലേക്ക് ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂർ സെന്റ് സിറിൽസ് കോളജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും അവയുടെ ശിക്ഷയെക്കുറിച്ചും മനസ്സിലാക്കാത്തതു മൂലമാണ് പുതുതലമുറ രാസലഹരിയിലേക്ക് വഴുതിപോകുന്നത്. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിന് നിയമാവബോധം അത്യാവശ്യമാണ്. ഇതിൽ ഉൾപ്പെട്ട് കുറ്റവാളികളാകുന്നവരുടെ ഭാവിജീവിതം വേദനാജനകമായിരിക്കും. ഇത് തിരിച്ചറിയാൻ പുതുതലമുറ തയ്യാറാകണമെന്നും കളക്ടർ പറഞ്ഞു.

കോളജ് പ്രിൻസിപ്പൽ ഡോ. സൂസൻ അലക്‌സാണ്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് മാനേജർ ഡോ.സക്കറിയാസ് മാർ അപ്രം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഇൻ ചാർജ് രാജീവ് ബി നായർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മറിയാമ്മ തരകൻ, വിമുക്തി മിഷൻ ജില്ലാ മാനേജർ സി.കെ. അനിൽകുമാർ, വിമുക്തി മിഷൻ ജില്ലാ കോ-ഓഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. അൻഷാദ്, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അയ്യൂബ് ഖാൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിനി കെ മാത്യു, കോളജ് വിമുക്തി കോ-ഓഡിനേറ്റർ മോനിഷ ലാൽ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

