അടൂർ – ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സർവ്വേ ജോലികൾ, കല്ലുകൾ അതിർത്തിയിൽ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ എന്നിവ ജൂലൈ ഒന്നിന് മുൻപായി പൂർത്തിയാക്കും. ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമ്മാണമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ആവശ്യാനുസരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. കെ.ആർ.എഫ്.ബി. ചീഫ് എഞ്ചിനീയർ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ച് ബോദ്ധ്യപ്പെടുന്നതിനും തീരുമാനമായി.
പദ്ധതി പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ നിർദേശിച്ചു. ഏഴംകുളം- കൈപ്പട്ടൂർ റോഡു നിർമാണവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കെ.ആർ.എഫ്.ബി. പ്രോജക്ട് ഡയറക്ടർ അശോക്കുമാർ, കെ.ആർ.എഫ്.ബി. പദ്ധതി ടീം ലീഡർ പി.ആർ. മഞ്ജുഷ, എക്‌സി. എഞ്ചിനീയർ ദീപ, മറ്റ് ഉന്നതതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


