മലയാളത്തിലെ പ്രശസ്ത കവിയും, ഉപന്യാസകാരനും, ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാര അംഗവുമായിരുന്ന കേരളകാളിദാസൻ എന്ന അപരനാമധേയത്തിലും അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനുമായി മൂലൂരിന് സുദൃഢമായ ആത്മബന്ധമാണുണ്ടായിരുന്നത്. സാഹിത്യ ചർച്ചകളിലും രചനകളിലും ജീവിതത്തിലും കേരളവർമ്മ വലിയകോയിക്കൽ തമ്പുരാന്റെ നിർലോഭമായ പ്രോത്സാഹനം മൂലൂരിന് ലഭിച്ചിരുന്നു. മൂലൂർ പണികഴിപ്പിച്ച ഭവനത്തിനു കേരളവർമ്മസൗധം എന്ന പേരിട്ടതിൽ നിന്നുതന്നെ ആ ബന്ധത്തിന്റെ സുദൃഢത വ്യക്തമാണ്. കേരളകാളിദാസൻ കേരളവർമ്മക്ക് കേരളത്തിലുള്ള ഏക സ്മാരകവും ഇതാണ് എന്നുപറയാം. മൂലൂരിന്റെ ഈ ഭവനം ഇപ്പോൾ സർക്കാർ ഏറ്റെടുത്ത് മൂലൂർ സ്മാരകമായി സംരക്ഷിക്കപ്പെടുന്നു.

ചിത്രങ്ങൾ – കേരളവർമ്മ സൗധവും, മൂലൂരിന്റെ സ്മൃതി കുടീരവും
ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പാത പിന്തുടർന്ന മൂലൂർ അധഃസ്ഥിത സമുദായങ്ങളുടെ ഉന്നമനത്തിനായി ജീവിതാന്ത്യം വരെ പ്രവർത്തിച്ചിരുന്നു. സ്വന്തം സമുദായ, കുടുംബ ബന്ധുക്കളുടെ ഒക്കെ എതിർപ്പിനെ മറികടന്നായിരുന്നു മൂലൂരിന്റെ ഈ നവോത്ഥാന പ്രവർത്തനങ്ങളൊക്കെ. അക്ഷരം, കഥകളി തുടങ്ങി വരേണ്യ വർഗ്ഗക്കാരുടെ കുത്തകയായിരുന്ന പലതിനെയും തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്കും എത്തിക്കാൻ മൂലൂർ നടത്തിയ ഇടപെടലുകളുടെ ബാക്കിപത്രമായി ഇന്നും ഏതാണ്ട് 20 ൽ കൂടുതൽ വിദ്യാലയങ്ങൾ മെഴുവേലിയിലും സമീപ പ്രദേശങ്ങളിലുമായി ഉണ്ട്. കഥകളിയിൽ സ്വന്തം സമുദായത്തിലെ കലാകാരന്മാർക്കും, അധഃസ്ഥിത സമുദായങ്ങളിലെ കലാകാരന്മാർക്കും താത്‌പര്യം ജനിപ്പിക്കുന്നതിനായി സ്വന്തം ചെലവിൽ ഒരു കഥകളിക്കളരി തന്നെ മൂലൂരിന്റെ സ്വന്തം വീടിനോടു ചേർന്ന് അദ്ദേഹം നടത്തിയിരുന്നു. അതുകാരണം ‘കളരിവീട്” എന്ന അപരനാമധേയം കൂടി കേരളവർമ്മസൗധമായ ഈ മൂലൂർ വസതിക്കുണ്ട്.






ചിത്രങ്ങൾ – കേരളവർമ്മ സൗധത്തിന്റെ പൂമുഖവും, അകത്തെ മുറിയിലും, ഇടതുവശത്തെ മുറിയിലും ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ചപ്പോൾ വിശ്രമിച്ച കസേരയും, കട്ടിലും, മേശയും, മെതിയടിയും കെടാ നിലവിളക്കും. വലതുവശത്തെ മുറിയിൽ മൂലൂരിന്റെ നിത്യക്കുറിപ്പുകൾ അടങ്ങിയ ഡയറികൾ സംരക്ഷിച്ചിരിക്കുന്നു.
120 വർഷം മുമ്പ് മൂലൂർ രചിച്ച കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ ഇതിനോടടക്കം തന്നെ പല വേദികളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് ഭാരവാഹികളുടെ ശ്രദ്ധയിൽ മൂലൂരിന്റെ കഥകളിയെക്കുറിച്ചും, അത് പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മൂലൂർ കുടുംബാംഗമായ ജിബു വിജയൻ സംസാരിക്കുകയുണ്ടായി. വളരെനല്ല പ്രതികരണമാണ് അയിരൂർ കഥകളിഗ്രാമം ആസ്ഥാനമായി പ്രവർത്തിക്കുന്ന കഥകളി ക്ലബ്ബ് ഭാരവാഹികളിൽ നിന്നുണ്ടായത്. സരസകവി മൂലൂർ രചിച്ച ആട്ടക്കഥയിലെ പദങ്ങളാണ് ഇന്നും മദ്ധ്യതിരുവിതാംകൂറിൽ കൂടുതലായും കൈകൊട്ടിക്കളിക്കും, തിരുവാതിരക്കും ഒക്കെ ഉപയോഗിക്കുന്നത്.

ചിത്രങ്ങൾ – മൂലൂരിന്റെ അകാലത്തിൽ മരണപ്പെട്ട മൂത്ത പുത്രൻ സംസ്കൃതത്തിൽ ശാസ്ത്രി ബിരുദ ധാരിയായിരുന്ന ഗംഗാധര ശാസ്ത്രിയുടെ പേരിൽ സ്ഥാപിച്ച ഗംഗാധര വിദ്യാശാല എന്ന മെഴുവേലി ജിവിഎൽപി സ്‌കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്മാരകം സന്ദർശിച്ചപ്പോൾ..!!
ഒറ്റക്കണ്ണൻ സ്വാമി എന്നറിയപ്പെട്ടിരുന്ന ശിവപ്രസാദ് സ്വാമി അയിരൂർ ഗുരുമന്ദിര പ്രതിഷ്ഠയുടെ ബന്ധപ്പെട്ട് അയിരൂരിൽ എത്തുകയും, യാത്രാമദ്ധ്യേ മൂലൂരുമായി ബന്ധപ്പെടുകയും കുറേനാൾ അയത്തിൽ താമസിച്ചു കളരിവീട്ടിൽ കഥകളി അഭ്യസിപ്പിച്ചിരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ട്. അക്കാലം മുതൽതന്നെ അയിരൂരിലെ പ്രശസ്തമായ ഈഴവ കുടുംബമായ ചിറകുഴിയിൽ കുടുംബത്തിൽ കഥകളി അഭ്യസിപ്പിക്കാനായി കഥകളികളരി ഉണ്ടായിരുന്നതായി കുടുംബാംഗവും, അയിരൂർ കഥകളി ക്ലബ്ബ് സെക്രട്ടറിയും കൂടിയായ ശ്രീ വിആർ വിമൽരാജ് പറഞ്ഞു.. തൃപ്പയാർ കളിമണ്ഡലം രൂപം കൊടുത്ത ഗുരുദേവ മാഹാത്മ്യം കഥകളി, കൊച്ചിൻ ദെവസ്വം കീഴിലുളള തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ അരങ്ങേറ്റം നിഷേധിച്ച വാർത്ത അറിഞ്ഞപ്പോൾ ജിബു വിജയൻറെ നേതൃത്വത്തിൽ ദുബായിലെ മൂലൂർ സാംസ്കാരിക വേദി, പ്രവാസികൾ സഹകരിച്ചാണ് മൂലൂർ സ്മാരകത്തിൽ ആ കഥകളി അവതരിപ്പിക്കാനുള്ള സാഹചര്യമൊരുക്കിയത്.


ചിത്രങ്ങൾ – മൂലൂരിന്റെ സ്മൃതികുടീരത്തിലേക്കുള്ള വഴിയും, മൂലൂരിന്റെ പ്രസിദ്ധമായ കവിതയുടെ വരികൾ രേഖപ്പെടുത്തിയ സ്മൃതികുടീരവും.
തൃപ്പയാർ കളിമണ്ഡലം കഥകളി ആചാര്യനായ ശ്രീ. സദു ഏങ്ങൂർ, കഥകളിയെ സംബന്ധിച്ചുള്ള പുസ്തക രചനയുടെ ഭാഗമായി മൂലൂരിന്റെ കഥകളി നവോത്ഥാന ചരിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലുമാണ്. അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ ഒരു പുസ്തകത്തിൽ 80 മത്തെ പേജ് മുതൽ മൂലൂരിന്റെ കഥകളി നവോത്ഥാനത്തെക്കുറിച്ചുള്ള ചരിത്രം അടങ്ങിയിട്ടുണ്ട്. . താമസിയാതെ കൂടുതൽ വിലപ്പെട്ടൊരു പുസ്തകം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമാണ്.
@ ജിബു വിജയൻ ഇലവുംതിട്ട


