തിരുവല്ല താലൂക്കിൽ പക്ഷിപ്പനി ; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

Food Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിൽ തിരുവല്ല നഗരസഭ രണ്ടാം വാർഡ് എ. അമൽ കുമാർ, എള്ളിമണ്ണിൽ ഹൗസ്, ചുമത്ര പി.ഒ, തിരുവല്ല എന്നവരുടെ ഉടമസ്ഥയിലുളള കോഴികളിൽ പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവ് ബാധിത മേഖലയും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് സർവയലൻസ് മേഖലയുമാണ്.

പ്രഭവ കേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കുന്നന്താനം, കവിയൂർ, പെരിങ്ങര, പുളിക്കീഴ്, കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂർ, നെടുമ്പുറം, കടപ്ര, കുറ്റൂർ, എന്നീ പ്രദേശങ്ങൾ സർവയലൻസ് മേഖലയിൽ ഉൾപ്പെടുന്നതിനാൽ ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ജൂലൈ അഞ്ചു വരെ നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി.

ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട മറ്റു വളർത്തുപക്ഷികൾ ഇവയുടെ വിൽപ്പനയും, കടത്തലും നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കർശന പരിശോധനകൾ നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷൻപ്ലാൻ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കർശനമായി നടപ്പാക്കുന്നുണ്ടന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *