പത്തനംതിട്ട – തിരുവോണം ബമ്പർ – 2026 (ബി ആർ – 111) ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ അബിൻ വർക്കി എം.എൽ.എ നിർവഹിച്ചു. നഗരസഭാ കൗൺസിലറും മുൻ ചെയർപേഴ്‌സണുമായ എ. സുരേഷ്‌കുമാർ അധ്യക്ഷനായി. ജില്ല ഭാഗ്യക്കുറി ഓഫീസർ ഡി. ആർ ജോസ്, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ നിഷ ആർ നായർ, വിവിധ ലോട്ടറി തൊഴിലാളി സംഘടന ഭാരവാഹികളായ നാഗൂർ കനി, എം. ശ്രീനിവാസൻ, എം. ആർ കണ്ണൻകോട്, പി. ബി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമാണ് ഇത്തവണ ഓണം ബമ്പർ ടിക്കറ്റിന് നൽകുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനമായി 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പേർക്കും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും നൽകും. സെപ്റ്റംബർ 26 ന് നറുക്കെടുക്കുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്.


