പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെ സമർപ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.ഏപ്രിൽ അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എട്ടു വരെ പത്രിക പിൻവലിക്കാം. 26 ന് തെരഞ്ഞെടുപ്പും ജൂൺ നാലിന് വോട്ടെണ്ണലും നടക്കും.
മാതൃകാ പോളിംഗ് സ്റ്റേഷനുകളും വനിതാ പോളിംഗ് സ്റ്റേഷനുകളുമുൾപ്പെടെ പത്തനംതിട്ട, കോട്ടയം അസംബ്ലി മണ്ഡലങ്ങളിലായി ആകെ 1437 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. പത്തനംതിട്ട 1077, കാഞ്ഞിരപ്പള്ളി 181, പൂഞ്ഞാർ 179 എന്നിങ്ങനെയാണ് കണക്കുകൾ. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലായി ആകെ 14,08,771 വോട്ടർമാരുണ്ട്. ഇതിൽ 6,73,068 പുരുഷന്മാരും 7,35,695 സ്ത്രീകളും എട്ട് ട്രാൻസ്‌ജെന്റർമാരുമാണുള്ളത്.
വോട്ടർമാർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർ സൗഹൃദ പോളിംഗ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്കും 85 വയസിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്നു വോട്ടു ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇതിനായി ഫോറം-12 ഡി അപേക്ഷ ബി.എൽ.ഒമാർ മുഖേന വിതരണം ചെയ്യും. അപേക്ഷ നൽകുന്നവർക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് ഓഫീസർമാരുടെ ടീം വീട്ടിലെത്തും. ഭിന്നശേഷിക്കാർക്ക് വീൽചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് സാക്ഷം മൊബൈൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് അതതു വകുപ്പുകളിലെ നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോറം-12 അപേക്ഷ റിട്ടേണിംഗ് ഓഫീസർക്കു നൽകണം

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവു നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും ചിത്രങ്ങൾ, വീഡിയോകൾ എന്നിവ മുഖേന സി- വിജിൽ ആപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാം.
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിനുമായി ജില്ലയിൽ ആകെ 15 ഫ്‌ളയിംഗ് സ്‌ക്വാഡ്, 15 സ്റ്റാറ്റിക് സർവൈലൻസ് ടീം, അഞ്ച് വീഡിയോ സർവൈലൻസ് ടീം, അഞ്ച് ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവ പ്രവർത്തിക്കുന്നുണ്ട്.
പൊതു സ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും ബാനർ, പോസ്റ്റർ എന്നിവ പതിയ്ക്കരുത്. ഇതിനകം പതിപ്പിച്ചവ ഉടൻ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് അത് നീക്കം ചെയ്യും.
തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണങ്ങൾക്കും പരാതികൾ നൽകുന്നതിനുമായി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറായ 0468 2224256 ലും ടോൾ ഫ്രീ നമ്പറായ 1950 ലും ബന്ധപ്പെടാം.


