*തെളിവെടുപ്പ് യോഗം 20 ന്
സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി മേഖലയിലെയും ഗോൾഡ് ആൻഡ് സിൽവർ ഓർണമെന്റ്സ് മേഖലയിലെയും തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജൂൺ 20 ന് രാവിലെ 11 നും 12 നും ലേബർ കമ്മീഷണറുടെ കാര്യാലയത്തിലെ കോൺഫറൻസ് ഹാളിൽ നടത്തും. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ, ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
*സീറ്റ് ഒഴിവ്
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആരംഭിക്കുന്ന 10 ദിവസത്തെ സർട്ടിഫിക്കറ്റ് അധിഷ്ഠിത ട്രാവൽ ആൻഡ് ടൂറിസ്റ്റ് ഗൈഡ് കോഴ്സിന് സീറ്റ് ഒഴിവ്. താൽപ്പര്യമുള്ള 18നും 45നും ഇടയിൽ പ്രായമുള്ളവർ 0468 2270243, 08330010232 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.
*അഭിമുഖം 21 ന്
അടൂർ പോളിടെക്നിക് കോളജിൽ ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ആർക്കിടക്ചർ (ഒരു ഒഴിവ്) , ട്രേഡ്സ്മാൻ ഇൻ ആർക്കിടെക്ചർ (രണ്ട് ഒഴിവ്) , ട്രേഡ്സ്മാൻ ഇൻ ടർണിംഗ് (ഒരു ഒഴിവ്) എന്നീ ട്രേഡുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുളളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 ന് രാവിലെ 10.30 ന് അടൂർ പോളിടെക്നിക് കോളജിൽ ഹാജരാകണം. അതത് വിഷയങ്ങളിലെ എൻസിവിറ്റി/കെജിസിഇ/ റ്റിഎച്ച്എസ്എൽസി/ ഐറ്റിഐ/ തതുല്യ യോഗ്യതയാണ് ട്രേഡ്സ്മാൻ /ഇൻസ്ട്രക്ടർ തസ്തികയിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫോൺ: 04734 231776.
*മത്സ്യകുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സിൽ കാർപ്പ്, ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങൾ, അലങ്കാര ഇനം മത്സ്യങ്ങൾ എന്നിവയെ ജൂൺ 19, 20 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങൾക്ക് സർക്കാർ നിരക്കിൽ വില ഈടാക്കും. ഫോൺ : 9562670128, 7511152933, 0468 2214589.
*സ്‌കോളർഷിപ്പ്
കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗതൊഴിലാളികളുടെ മക്കൾക്ക് എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് ഒന്നുവരെയും ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ കോഴ്സ് തുടങ്ങി 45 ദിവസത്തിനുള്ളിലും ഓഫീസിൽ സമർപ്പിക്കാം. ബോർഡിൽ നിന്നും അനുവദിച്ച് വരുന്ന എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനുള്ള അപേക്ഷ ആഗസ്റ്റ് 31 വരെയും സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
*കിലയിൽ പരിശീലനം
കൊട്ടാരക്കര കില സിഎസ്ഇഡിയിൽ വയോജന സാന്ത്വന പരിപാലന ഹ്രസ്വം പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയിൽ പ്രായമുളള വയോജന സാന്ത്വന ഹോം നഴ്സിംഗ് മേഖലയിൽ തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്നവർക്കും തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും വിദഗ്ധപരിശീലനം ഉറപ്പാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുടുംബശ്രീ അംഗങ്ങൾ, ഹോം നഴ്സിംഗ് ഏജൻസികൾ മുഖാന്തിരം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് അതത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കുടുംബശ്രീ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം. പരിശീലന തീയതി – ജൂൺ 24 മുതൽ 28 വരെ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. ഫോൺ : 9496320409.
*ക്വട്ടേഷൻ ക്ഷണിച്ചു
കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാന്റീൻ നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ നിന്നു ക്വട്ടേഷൻ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. ക്വട്ടേഷനുകൾ സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി കോന്നി, പത്തനംതിട്ട എന്ന വിലാസത്തിൽ ജൂൺ 21 ന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി ലഭിക്കണം. ക്വട്ടേഷൻ കവറിന് മുകളിൽ കോന്നി മെഡിക്കൽ കോളജ് ക്യാന്റീൻ നടത്തുന്നതിനു വേണ്ടിയുള്ള ക്വട്ടേഷൻ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. വിശദമായ ക്വട്ടേഷൻ നോട്ടീസ് കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട കളക്ടറേറ്റ്, പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, അരുവാപ്പുലം പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോൺ : 0468 2344802.
*മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ എൻട്രൻസ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂൺ 24 നു മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.
ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനം മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 40 ശതമാനം മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുളളു.
*മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂൺ 24 ന് മുൻപ് ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.
ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. തിരുവന്തപുരം പ്ലാമൂട് സിവിൽ സർവീസ് അക്കാദമി മുഖേനയാണ് പരിശീലനം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുളളു. സിവിൽ സർവീസ് അക്കാദമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അർഹത. തെരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ചു പഠിക്കുവാൻ സന്നദ്ധരായിരിക്കണം.
*മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ എൻട്രൻസ ്‌കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂൺ 24 ന് മുൻപായി ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.
ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്/കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് 85 ശതമാനം മാർക്കോ അതിനു മുകളിലോ നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളു.
*ടെൻഡർ
പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങൾ മൂന്ന് വർഷത്തേയ്ക്ക് നിലവിലെ സ്ഥിതിയിൽ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
കുളനട വേസൈഡ് അമിനിറ്റി സെന്റർ:
പന്തളം പാലത്തിന് സമീപം എം.സി റോഡിനോട് ചേർന്നുള്ള കെട്ടിടം, 1.34 ഏക്കർ സ്ഥലം, അഞ്ചു മുറികൾ, ഓഡിറ്റോറിയം, മണ്ഡപം, ഡോർമെട്രി സൗകര്യം, പാചകസ്ഥലം ഉൾപ്പെടെ റസ്റ്റോറന്റ് സൗകര്യം, ടോയിലറ്റ് ബ്ലോക്ക്, പാർക്കിംഗ് സൗകര്യം
വടശ്ശേരിക്കര പിൽഗ്രിം അമിനിറ്റി സെന്റർ:
വടശ്ശേരിക്കര പാലത്തിന് സമീപം മൂന്നു നില കെട്ടിടം, ഓഡിറ്റോറിയം, മുറികൾ, ഡോർമെട്രി, റസ്റ്റോറന്റ്, ടോയിലറ്റ് ബ്ലോക്ക്, പാർക്കിംഗ് സൗകര്യം
ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ:
ആറന്മുള സത്രക്കടവിന് സമീപം പമ്പാ നദിക്കരയിലുള്ള രണ്ടു നില കെട്ടിടം, റസ്റ്റോറന്റ്, ടോയിലറ്റ് ബ്ലോക്ക്, പാർക്കിംഗ് സൗകര്യം
വിശദവിവരങ്ങൾ കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഡി.റ്റി.പി.സി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ലഭ്യമാണ്. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ നാല് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ : 0468 2311343, 9447756113.
*കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ:
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് (ജൂൺ 15)
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന് (ജൂൺ 15). കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2422275.


