തിരുവല്ല – ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളും അടക്കം നാല് പേര്‍ പുളിക്കീഴ് പോലീസിന്റെ പിടിയിലായി. എറണാകുളത്തെ ബ്യൂട്ടി പാര്‍ലറില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന കാമുകന്‍ ചെങ്ങന്നൂര്‍ വനവാതുക്കര സുജാലയത്തില്‍ അഭിനവ് (19), പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിന് അടക്കം സഹായം ചെയ്തു നല്‍കിയ കോട്ടയം മണിമല ചേനപ്പാടി കാരക്കുന്നേല്‍ വീട്ടില്‍ അനന്തു എസ്. നായര്‍ (22), പള്ളിക്കുന്നില്‍ വീട്ടില്‍ സച്ചിന്‍ (24), വേലു പറമ്പില്‍ വീട്ടില്‍ അനീഷ് ടി. ബെന്നി (25) എന്നിവരാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കടപ്ര സ്വദേശിനിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച് പീഡിപ്പിച്ചു വരികയായിരുന്നു.
ഇതിനിടെ പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ 10 പവനോളം സ്വര്‍ണവും തട്ടിയെടുത്തിരുന്നു. ബുധനാഴ്ച രാവിലെ മാന്നാറിലേക്ക് പോയ പെണ്‍കുട്ടിയെ അവിടെ നിന്നും പ്രതികള്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. രാത്രി ഏറെ വൈകിയും വീട്ടില്‍ തിരിച്ച് എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വനവാതുക്കരയിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെയും അഭിനവിനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളായ മറ്റു മൂന്നു പേരും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

