സിനിമ തീയറ്ററിലെ തർക്കത്തിനിടെ മൂന്നുപേരെ വെട്ടിയ കേസിലെ രണ്ടു പ്രതികൾ പിടിയിൽ

Crime
Print Friendly, PDF & Email

തിരുവല്ല – കടപ്രയിലെ സിനിമാ തീയറ്ററിൽ സിനിമ കാണുന്നതിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതി ചെങ്ങന്നൂർ പാണ്ടനാട് നോർത്ത് മുറിയായിക്കരയിൽ കൂട്ടുമ്മത്തറ വീട്ടിൽ സുധി എന്ന് വിളിക്കുന്ന ശ്രുതീഷ് (31), പ്രതികൾക്ക് ഒളിത്താവളം ഒരുക്കി നൽകിയ ചെണ്ടന്നൂർ കീഴ്‌ച്ചേരിമേൽ പാറയ്ക്കൽ വീട്ടിൽ മുത്ത് എന്ന് വിളിക്കുന്ന സുജിത്ത് കൃഷ്ണൻ (37) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. സിനിമ കാണുന്നതിനിടെയുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ തിയറ്റർ ജീവനക്കാർ ചേർന്ന് ഇരു സംഘങ്ങളെയും പുറത്താക്കി. തുടർന്ന് പാർക്കിങ് ഗ്രൗണ്ടിൽ എത്തിയ പരുമല സ്വദേശികളെ ശ്രുതീഷും കൂട്ടുപ്രതി കടപ്ര സ്വദേശി നിഷാദും ചേർന്ന് വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. തീയറ്റർ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പോലീസ് സ്ഥലത്ത് എത്തും മുമ്പ് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഒളിവിൽ പോയ മുഖ്യപ്രതിയെ ചെങ്ങന്നൂരിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. രണ്ടാംപ്രതി നിഷാദ് പോലീസിനെ വെട്ടിച്ച് കടന്നു. അറസ്റ്റിലായ ശ്രുതീഷിന് എതിരെ അഞ്ച് വധശ്രമം, മൂന്ന് അടിപിടി അടക്കം പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

എസ്.ഐമാരായ ജെ. ഷെജിം, ഷിജു കെ. സാം, എ.എസ്.ഐ എസ്.എസ്. അനിൽ, സി.പി.ഓമാരായ അനൂപ്, സുദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *