അടൂർ – വിദ്യാലയങ്ങൾ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകർന്നു നൽകുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂർ പെരിങ്ങനാട് ടി.എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവർക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്നവരാകണം. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഈ വർഷം മുതൽ ആരോഗ്യ വകുപ്പ് സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചകൾ നടത്തി. എല്ലാ വിദ്യാർഥികൾക്കും സ്‌കൂൾ ഹെൽത്ത് കാർഡ് നൽകും. ഹെൽത്ത് ക്ലബുകൾ രൂപീകരിക്കും. ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യത്തിന് ലഭ്യമാക്കും. നല്ല ശീലങ്ങൾ വിദ്യാലയത്തിൽ നിന്നും വീട്ടിലേയ്ക്ക് എന്നത് ആഗോളതലത്തിൽ തന്നെ അംഗീകരിച്ച ആശയമാണ്. കുട്ടികളെ ആരോഗ്യത്തിന്റെ അംബാസിഡർമാരായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് കണ്ടും കേട്ടും പഠിക്കാൻ ആധുനിക സംവിധാനങ്ങൾ ഒരുക്കി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നാടാണ് കേരളമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസം സാധ്യമാക്കി, 54,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച വികസന പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, വൈസ് പ്രസിഡന്റ് എം. മനു, ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ അംഗം ശ്രീനാദേവി കുഞ്ഞമ്മ, വിദ്യാഭ്യാസ വകുപ്പ് ചെങ്ങന്നൂർ മേഖല ഡയറക്ടർ വി.കെ. അശോക് കുമാർ, ജില്ലാ വിദ്യഭ്യാസ ഓഫീസർ ബി.ആർ. അനില, വിദ്യാകിരണം ജില്ലാ കോ-ഓഡിനേറ്റർ ലെജു പി തോമസ്, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ടി.എം.ജി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ഒരുക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനം മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും നോക്കിക്കാണുകയും കുട്ടികളുമായി വിശേഷം പങ്കുവയ്ക്കുകയും ചെയ്തു.


