മെഴുവേലി കൊച്ചുസ്കൂളിൽ പാഠം ഒന്ന് പഠനയാത്ര

Kerala Gadget Pathanamthitta
Print Friendly, PDF & Email

മെഴുവേലി – ഒരുനൂറ്റാണ്ടിനു മുമ്പ് സരസകവി മൂലൂരിന്റെ നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിതമായ വിദ്യാലയം ജി വി എൽ പി സ്‌കൂളിലെ നവാഗതർക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ദിവസത്തെ പാഠം ഒന്ന് പഠന യാത്രയായിരുന്നു. അതും സാമൂഹിക നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂരിൻ്റെ സ്മാരകത്തിലേക്ക്. മൂലൂർ സ്മൃതി മണ്ഡപത്തിൽ കുട്ടികൾ പുഷ്പാർച്ച നടത്തി.
നാടിന് വെളിച്ചം പകർന്ന മൂലൂരിൻ്റ ആശയങ്ങൾ കുട്ടികൾക്ക് തണലായി മാറണം.. അതിനാണ് പാഠം ഒന്ന് പഠനയാത്ര.

ശ്രീ നാരായണഗുരുദേവൻ മൂലൂരിനെ സന്ദർശിക്കാനെത്തിയപ്പോൾ വിശ്രമിച്ചമുറിയിൽ നിറഞ്ഞു കത്തുന്ന ദീപത്തെ വണങ്ങിയ ശേഷം കുട്ടികളും, രക്ഷിതാക്കളും അദ്ധ്യാപകരുമടങ്ങുന്ന സംഘം അടുത്തതായി പഞ്ചായത്ത് ഓഫീസിലേക്ക്. ആദ്യമായാണ് ഒരു സ്‌കൂളിന്റെ പ്രവേശനോത്സവ ദിനത്തിൽ പഞ്ചായത്ത് ഓഫീസ് കുട്ടികളെ സ്വീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും മെമ്പർമാരും സ്റ്റാഫും കുട്ടികൾക്ക് മധുരാനുഭവം ഒരുക്കി സ്വാഗതം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിങ്കി ഗിരീഷ്. കൊച്ചുസ്കൂളിന്റെ ജനകീയ ഇടപെടലിലൂടെ ഉണ്ടായ മാറ്റത്തിൽ സംതൃപ്തി പ്രകടിപ്പിക്കുകയും, ആശംസകൾ നേരുകയും ചെയ്തു.

നാടിൻ്റെ വികസന കേന്ദ്രത്തിൻ്റെ ആശിർവാദം സ്വീകരിച്ച് കുട്ടികൾ തിരികെ വിദ്യാലയത്തിൽ കൃത്യം പത്തു മണിക്കെത്തി. കഴിഞ്ഞ വർഷം 4 കുട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം ഈ വർഷം കുട്ടികളുടെ എണ്ണം മുപ്പതിന് മുകളിലേക്ക് ഉയർത്തി. ഇതിൽ പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഇടപെടൽ പ്രശംസനീയം തന്നെ. ശീതീകരിച്ച പ്രീ പ്രൈമറി, സ്മാർട്ട് ക്ലാസ് റൂമോടെ ഒന്നാംക്ലാസ് ഒന്നാം തരം, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അക്കാദമിക് പിന്തുണ കൂടിയായപ്പോൾ കൊച്ചുസ്കൂൾ വലിയ മാറ്റത്തിലേക്ക്.. അവധിക്കാലത്തു തന്നെ സ്‌കൂളിന്റെ അടുത്ത വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശിപ്പിച്ചിരുന്നു.

പ്രതിമാസം കുട്ടികളുടെ പുരോഗതി ഡിജിറ്റൽ രേഖകളായി രക്ഷിതാക്കൾക്ക് കൈമാറും. ഒന്നാം ക്ലാസിൽ പുതിയ പാഠപുസ്തകത്തിലെ തീമുകൾ സ്ഥാനം പിടിച്ചു. പൂച്ചെണ്ടും തൊപ്പിയുമണിയിച്ച് നവാഗതരെ സ്വീകരിച്ചു. കൊച്ചുസ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീദേവി ടോണി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ പി എസ് ജീമോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രഥമ അദ്ധ്യാപിക വിഎസ് സരിത സ്വാഗതവും ഒന്നാം ക്ലാസ് പാഠപുസ്തക രചന സമിതി ചെയർമാൻ ഡോ.ടി പി കലാധരൻ മുഖ്യ സന്ദേശവും നൽകി .

അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദീകരിച്ചുകൊണ്ട് അദ്ധ്യാപിക സരയൂ സൈമണും രക്ഷിതാക്കൾക്കുള്ള ക്ലാസ് അദ്ധ്യാപിക രമ്യയും പൂർവ്വ വിദ്യാർത്ഥികളായ വി ആർ റോയി, ടി കെ ജനാർദ്ദനൻ, ഷൈൻ എന്നിവർ ആശംസകളും നേർന്നു. 1988 ബാച്ചിൽ ഈ സ്‌കൂളിൽ പഠിച്ച പൂർവ്വവിദ്യാർത്ഥികൾ പഠനോപകരണങ്ങളും, കരുണാലയം അമ്മവീട് കിടങ്ങന്നൂർ ചെയർമാൻ അബ്ദുൽ അസീസ് നോട്ടുബുക്കുകളും വിതരണം ചെയ്തു.

ഒന്നാം പാഠം പഠനയാത്ര ഇങ്ങനെയായിരുന്നെങ്കിൽ, രണ്ടാം പാഠം പഠനയാത്ര തീവണ്ടി യാത്രയും, പിന്നീടുള്ള പാഠങ്ങൾ കപ്പൽ യാത്രയും, ആകാശ യാത്രയും ഒക്കെയുൾപ്പെടുത്തി പുതുമയും ഗുണതയും കൊണ്ട് നാടിൻ്റെ അഭിലാഷങ്ങളോട് നീതി പുലർത്തി മാതൃകയായി മുന്നേറാനാണ് കൊച്ചുസ്കൂളിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *