സർക്കാർ ഭൂമിയിലെ ദൈവങ്ങളെ ഒഴിപ്പിക്കാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം ;

Kerala Eranakulam

കൊച്ചി – സർക്കാർ ഭൂമി കൈയ്യേറി ദേവാലയങ്ങൾ പണിയുന്നത് തടയണമെന്ന് ഹൈക്കോടതി. പത്തനംതിട്ടയിലെ പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ സ്ഥലത്ത് അനധികൃതമായി നിർമ്മിച്ച ആരാധനാലയങ്ങൾ ആറു മാസത്തിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് സർക്കാരിനോട് നിർദേശിച്ചു.

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്ലാൻ്റേഷൻ കോർപ്പറേഷനാണ് കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സഹായംതേടി ഹൈക്കോടതി സമീപിച്ചത്. തോട്ടങ്ങളിൽ ജോലി ചെയ്യുന്ന വിശ്വാസികളായ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തുടക്കത്തിൽ താൽക്കാലിക അമ്പലങ്ങളും മറ്റ് ആരാധനാ കേന്ദ്രങ്ങളും പണിയാൻ അനുമതി നൽകിയത്. പിന്നീട് തദ്ദേശവാസികൾ ഇവയുടെ ഭരണസമിതിയിൽ കടന്നുകൂടി സർക്കാർ ഭൂമി കൈയേറി വലിയ കെട്ടിങ്ങൾ വരെ നിർമ്മിച്ചു. ഒഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അവകാശങ്ങൾ സ്ഥാപിക്കാനും തുടങ്ങി. ഈ ഘട്ടത്തിലാണ് കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിച്ചത്.

പത്തനംതിട്ട ജില്ലയിൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലാണ് വ്യാപകമായ കൈയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുള്ളത്. ചന്ദപ്പള്ളി, മൊട്ടപ്പാറ, ചന്ദനതടിക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് അനധികൃത നിർമ്മാണങ്ങളും കൈയ്യേറ്റങ്ങളും നടന്നിരിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ സർക്കാർ ഭൂമി കൈയ്യേറുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഏതെങ്കിലും മതവിഭാഗങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ വിശദമായ അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്‌ നിർദ്ദേശം എല്ലാ ജില്ലാ കലക്ടർമാർക്കും നൽകണം. ഇത്തരം അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തിയാൽ ജില്ലാ ഭരണകൂടം ആറ് മാസത്തിനുള്ളിൽ പൊളിച്ചു മാറ്റണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *