ഒൻപതുമാസത്തെ വിദഗ്ധപരിശീലനം പൂർത്തിയാക്കി 461 പോലീസ് ഉദ്യോഗസ്ഥർ കർമ്മപഥത്തിലേയ്ക്ക് :

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: എസ്.എ.പി, കെ.എ.പി മൂന്നാം ബറ്റാലിയൻഎന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 461 പോലീസ് ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സേനയുടെ ഭാഗമായി. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

ഒൻപതുമാസത്തെ വിദഗ്ധപരിശീലനം പൂർത്തിയാക്കിയാണ് പോലീസ് ഉദ്യോഗസ്ഥർ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിക്ക് അഭിവാദ്യം അർപ്പിച്ചത്. വിവിധതരത്തിലുള്ള ശാരീരികക്ഷമതാപരിശീലനവും ആയുധ പരിശീലനവും കൂടാതെ വിവിധ നിയമങ്ങളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ, ഫോറൻസിക് സയൻസ് എന്നിവ സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ നൽകി.

എസ്.എ.പി യിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ആൾറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ടത് എസ്. രതീഷ് ആണ്. മികച്ച ഔട്ട്‌ഡോർ ആയി എസ്. ജി. നവീനും ഇൻഡോർ ആയി ബി.ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. കെ.എ.പി മൂന്നാം ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ മികച്ച ആൾറൗണ്ടറായത് അനന്തു സാനുവാണ്. മികച്ച ഔട്ട്‌ഡോർ ആയി സച്ചിൻ സജീവും ഇൻഡോർ ആയി ജി.അനീഷും ഷൂട്ടറായി ആർ.സച്ചിനും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫികൾ സമ്മാനിച്ചു.

എസ്.എ.പി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ഒരാൾ എം.ടെക് ബിരുദധാരിയും 30 പേർ ബി.ടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചിൽ ഉണ്ട്. എം.ബി.എ, ബി.ബി.എ ബിരുദങ്ങളുള്ള രണ്ടുപേർ വീതം ഈ ബാച്ചിൽ ഉണ്ട്.

കെ.എ.പി മൂന്നാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ നാലുപേർ എം.ടെക് ബിരുദധാരികളും 35 പേർ എൻജിനീയറിങ് ബിരുദധാരികളുമാണ്. പി.ജി യോഗ്യതയുള്ള 23 പേരും ഡിഗ്രി യോഗ്യതയുള്ള 144 പേരും എം.ബി.എ ബിരുദമുള്ള അഞ്ചുപേരും ഈ ബാച്ചിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *