ഇനി കടമെടുക്കാൻ കഴിയില്ല ; വിരമിക്കുന്നവർ, ശമ്പളം, പെൻഷൻ എല്ലാം മുടങ്ങാൻ സാദ്ധ്യത ;

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും ഒരുപിടിയുമില്ല. കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി. ഈ വർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യത്തെ 9 മാസം എടുക്കാവുന്ന തുകയെത്ര എന്ന് ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. ഇനിയും കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജൂൺ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങും.

കടമെടുപ്പിന് അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിനു സംസ്ഥാന സർക്കാർ കത്തയച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ വിരമിക്കുന്ന ഈ മാസം ആനുകൂല്യങ്ങൾ നൽകാൻ 7,500 കോടിയോളം രൂപ ആവശ്യമുണ്ടു. അനുവദിച്ച 3,000 കോടി വായ്പ മുഴുവൻ സംസ്ഥാനം എടുത്തിരുന്നു. മെയ്‌ മാസത്തിൽ ഒരു കണക്കിന് പിടിച്ചു നിന്നത് അതുകൊണ്ടാണ്. പതിനയ്യായിരത്തിലേറെ സർക്കാർ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നത്. ഇത്രയും പേർക്കുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാത്രം 7,500 കോടിയോളം വേണം. കേന്ദ്രം കടമെടുക്കാൻ അനുവദിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന ചർച്ച സജീവമാണ്. പെൻഷൻ പ്രായം കൂട്ടുകയോ അല്ലെങ്കിൽ ആനുകൂല്യങ്ങൾ നൽകാതിരിക്കാനുള്ള മറ്റ് ഉപായങ്ങൾ സ്വീകരിക്കേണ്ടിയോ വരും. എന്നാൽ ഇതിനു യുവജന സംഘടനകൾ സമ്മതിക്കുമോ എന്നതാണ് വേറൊരു പ്രശ്നം. ?

ഏപ്രിൽ മുതൽ മാസം തോറും ക്ഷേമപെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നൽകാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും കൊടുക്കാനും പണം കണ്ടെത്തണം. ഇതിനൊപ്പമാണ് പെൻഷൻ പ്രതിസന്ധി.

ശരാശരി ഒരാൾക്ക് വിരമിക്കുമ്പോൾ 40 ലക്ഷത്തോളം രൂപ സർക്കാർ നൽകേണ്ടതുണ്ട്. 20000 പേർക്ക് ഇത്രയും തുക നൽകാൻ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്തുന്നതിൽ സർക്കാർ ആലോചന തുടങ്ങുന്നത്. പെൻഷൻ പ്രായം അറുപതാക്കിയാൽ കേരളത്തിന്റെ സാമ്പത്തിക നില കൂടുതൽ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ യുവാക്കളുടെ പ്രതിഷേധം അതിരുവിടും. കേരളമൊരു സമരക്കളമായി മാറും.

നിലവിൽ കടമെടുത്താണ് കേരളം മുമ്പോട്ട് പോകുന്നത്. ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാൻ പോകുന്ന പരിധി. ഇതിൽ പതിനായിരം കോടിയിൽ അധികം പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കൽ കണക്കും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടു വന്നാൽ കേരളത്തിന് അനുദനീയമായ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാദ്ധ്യത ഏറെ.

കേരളം ഒരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. !!

Leave a Reply

Your email address will not be published. Required fields are marked *