11 മിനിസ്റ്റീരിയൽ സ്റ്റാഫിനെ ഉൾപ്പെടുത്തി പോലീസുകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ 16 അംഗ സപ്പോർട്ടിംഗ് ടീം !!

Kerala Trivandrum

കൊച്ചി: പോലീസുകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച 16 അംഗ സപ്പോർട്ടിംഗ് കമ്മറ്റിയിൽ 11 പേരും മിനിസ്റ്റീരിയൽ സ്റ്റാഫ്. യഥാർത്ഥത്തിൽ പ്രശ്‌നങ്ങൾ നേരിടുന്ന താഴേക്കിടയിലുള്ള പോലീസുകാരെ പ്രതിനിധീകരിച്ച് രണ്ടുപേർ മാത്രം. മാനസിക – രാഷ്ട്രീയ – ജോലി സമ്മർദം മൂലം പൊലീസുകാർ കൂട്ട വിരമിക്കലിന് അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് തിരക്കിട്ട് സപ്പോർട്ടിംഗ് കമ്മറ്റി രൂപീകരിച്ചത്. അതിൽ പൊലീസുകാരുടെ പ്രശ്‌നങ്ങൾ അറിയാവുന്നവർ ഇല്ലാത്തതാണ് വിവാദമായിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാർഗനിർദേശം നൽകുന്നതിന് സപ്പോർട്ടിംഗ് കമ്മറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ എറണാകുളം റൂറൽ പൊലീസ് മേധാവി വൈഭവ് സക്‌സേന 16 അംഗ സമിതി രൂപീകരിക്കാൻ ഉത്തരവിട്ടത്. സങ്കീർണമായ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പൊലീസ് ജോലി എന്നത് വളരെയധികം മാനസിക സമ്മർദം ഉളവാക്കുന്ന ഒന്നാണ്. മാനസിക ശാരീരിക അസ്വസ്ഥതകൾ മറി കടന്ന് ജോലിയും വ്യക്തിജീവിതവും തുലനം ചെയ്തു ജീവിതം ആസ്വാദ്യകരമാക്കുന്നതിന് ഓരോ പൊലീസ് ഉദ്യോഗസ്ഥനും നിത്യജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനാണ് സപ്പോർട്ടിംഗ് കമ്മറ്റിയെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു.

അഡീഷണൽ എസ്.പി ജിൽസൺ മാത്യു ചെയർമാനായ കമ്മറ്റിയിൽ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എസ്. നവാസ്, സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ പ്രശാന്ത് പി. നായർ,സി.പി.ഓ കെ.ബി പ്രസാദ്, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ ബേസിൽ സി. ബേബി എന്നിവർ മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ നിന്നുള്ള അംഗങ്ങൾ. ശേഷിക്കുന്ന 11 പേരും മിനിസ്റ്റീരിയൽ സ്റ്റാഫുകളാണ്.

അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വിനോദ് വി. മാത്യു, മാനേജർ പി.വി. രാജി, അക്കൗണ്ട്‌സ് ഓഫീസർ കെ.കെ. ഗിരീഷ്‌കുമാർ, ജൂനിയർ സൂപ്രണ്ടുമാരായ മായ സുകുമാരൻ, കെ. ഷിനി, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ടി.എം. ഷമീന, സീനിയർ ക്ലാർക്കുമാരായ കെ.എം. സനിത, രശ്മി എൻ. കുമാർ, ജോണി എൻ. ജോസഫ്, ക്ലാർക്കുമാരായ കവിത സെബാസ്റ്റ്യൻ, മിജ്‌ന വി. മജീദ് എന്നിവരാണ് മറ്റുള്ള അംഗങ്ങൾ.

മാനസിക സമ്മർദം നേരിടുന്ന പൊലീസുകാർക്ക് മാനസിക പിന്തുണ നൽകുവാൻ കമ്മറ്റി ശ്രമിക്കണം. ജോലിയുടെ ഭാഗഗമായി ശിക്ഷണ നടപടി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും കമ്മറ്റി ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ജോലി സ്ഥലങ്ങളിൽ അമിതമായ മാനസിക സമ്മർദം നേരിടുന്നവർ, സ്ഥിരമായി ജോലിക്ക് ഹാജരാകാത്തവർ, മദ്യത്തിന് അടിമയായവർ എന്നിവരെ കണ്ടെത്തി റിപ്പോർട്ട് തയാറാക്കാൻ സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ പ്രശാന്ത് പി. നായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *