മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ പന്തളത്ത് പിടിയിൽ

Crime

പന്തളം – ഒരു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വയ്ക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒരു സ്ഥാപനത്തിൽ തുടർച്ചയായ രണ്ടാം ദിനവും പണയം വയ്ക്കാൻ എത്തിയപ്പോൾ ജീവനക്കാരിക്ക് തോന്നിയ സംശയമാണ് പ്രതി പിടിയിലാകാൻ കാരണമായത്. കാരയ്ക്കാട് സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

ടൗണിൽ പ്രവർത്തിക്കുന്ന ബികെപി കമർഷ്യൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് ഇയാൾ എത്തിയത്. യഥാർത്ഥ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം 916 ഹാൾമാർക്ക് മുദ്ര പതിപ്പിച്ച എട്ടു ഗ്രാം തൂക്കം വരുന്ന വളയുമായി ബ്രാഞ്ച് മാനേജർ മേഘ മോഹനെ സമീപിച്ചു. 39000 രൂപ കൈപ്പറ്റിയ സ്ഥലംവിട്ടു. ഇന്നലെ വൈകിട്ട് ഇതേസമയം രണ്ടാം പ്രതി അപ്പുവുമൊപ്പം എത്തിയ അനീഷ്, തന്റെ സഹോദരൻ വിജേഷിന്റെ ആധാർ കാർഡ് കാട്ടിയശേഷം തലേദിവസം കൊണ്ടുവന്ന അതേ ഫാഷനിലും തൂക്കവും സ്വർണനിറത്തിലുള്ള മുക്കുപണ്ടമായ വള പണയം വക്കാൻ ശ്രമിച്ചു. സംശയം തോന്നിയ മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.

രണ്ടാമത്തെ കേസിൽ അനീഷ് ഒന്നാം പ്രതിയും കുരമ്പാല സ്വദേശി ശ്യാം രണ്ടാം പ്രതിയുമാണ്. രണ്ടു പേരും ചേർന്ന് കഴിഞ്ഞവർഷം ഡിസംബർ 27 ന് രാവിലെ 11 ന് കുരമ്പാലയിലുള്ള വിസ്മയ ഫിനാൻസിലെത്തി ഇതേരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. 12 ഗ്രാം തൂക്കം വരുന്ന സ്വർണനിറത്തിലുള്ള മാല പണയം വച്ച് 55000 രൂപയും, രണ്ട് ദിവസം കഴിഞ്ഞെത്തി 10, ആറ് ഗ്രാം വീതം തൂക്കമുള്ള രണ്ട് മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി 75000 രൂപയും കൈപ്പറ്റി. രണ്ടുതവണയും വിജേഷിന്റെ ആധാർ കാർഡുമായാണ് പ്രതികൾ എത്തിയത്. തട്ടിപ്പ് മനസ്സിലാക്കിയ സ്ഥാപന ഉടമ റോയ് ബാൻ അന്ന് പോലീസിൽ വിവരം അറിയിച്ചിരുന്നു. ഇന്നലെ അറസ്റ്റിലായ അനീഷിനെ റോയ് ബാനെ കാണിച്ച് തിരിച്ചറിയുകയും തുടർന്ന് രണ്ടാമത്തെ കേസ് എടുക്കുകയുമായിരുന്നു.

രണ്ടു കേസിലെയും ബാക്കി രണ്ട് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *