വ്യാജമെത്രാൻ കൊല്ലത്ത് ബിജെപിക്ക് വിനയാകും

Kerala Kollam Politics
Print Friendly, PDF & Email

കൊല്ലം: പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ജി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട തട്ടിപ്പ് കേസിലെ പ്രതിയെ ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കാ ബാവാ എന്ന ലേബലിൽ അവതരിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ബിജെപിയിൽ അവസാനിക്കുന്നില്ല.

ഓർത്തഡോക്‌സ് സഭയ്ക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ വ്യാജ സർട്ടിഫിക്കറ്റ് വില്പന നടത്തിയ കേസിൽ അറസ്റ്റിലായ കൊല്ലം കടപ്പാക്കട റെയിൽവേ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോർജിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ യാക്കോബ് പ്രഥമൻ കാതോലിക്കാ ബാവ എന്ന പേരിൽ അവതരിപ്പിച്ചത് സഭ വിശ്വാസികളിൽ അമർഷത്തിന് ഇടയാക്കിയെന്ന നിലപാടിലാണ് ജില്ലാ ഘടകത്തിലെ ഒരു വിഭാഗം.

യാക്കോബായ ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള തർക്കത്തിൽ സിപിഎം യാക്കോബായ വിഭാഗത്തിനൊപ്പം നിന്നപ്പോൾ ബിജെപി ഓർത്തഡോക്‌സ് വിഭാഗത്തിനൊപ്പമായിരുന്നു. പിന്നാലെ കേന്ദ്ര നേതാക്കളും ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ദേവലോകത്തെ ആസ്ഥാനത്ത് എത്തി കാതോലിക്കാ ബാവായുമായും മറ്റ് മെത്രാന്മാരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.സഭാ തർക്കവിഷയത്തിൽ തങ്ങൾക്കൊപ്പം നിന്ന ബിജെപിയെ പിന്തുണച്ച് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലിത്ത പരസ്യമായി രംഗത്ത് വന്നിരുന്നു.

പിന്നാലെ ചില വൈദികരും യുവാക്കളും ബിജെപിയിൽ അംഗത്വവും എടുത്തു. എന്നാൽ ജെയിംസ് ജോർജിനെ അവരുടെ കാതോലിക്കാ ബാവയായി അവതരിപ്പിച്ചതോടെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്നവർ പോലും വോട്ട് ചെയ്തില്ലെന്ന നിഗമനത്തിലാണ് ഒരു വിഭാഗം. വോട്ടെടുപ്പിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. വിജയിക്കാനായില്ലെങ്കിലും വോട്ടു നില ഉയർത്താനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വിചാരിച്ചതുപോലെ ഓർത്തഡോക്‌സ് സഭാ വോട്ടുകൾ ലഭിച്ചില്ല.ഇതിന് കാരണം വ്യാജ കാതോലിക്കായെ അവതരിപ്പിച്ചതാണ്.

തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിട്ടും ജെയിംസ് ജോർജിനെ പങ്കെടുപ്പിച്ചത് ചില നേതാക്കളുടെ അറിവോടു കൂടിയാണെന്നാണ് ആരോപണം. എന്നാൽ ആരും ക്ഷണിക്കാതെയാണ് ഇയാൾ കാതോലിക്ക ബാവയുടെ വേഷത്തിൽ എത്തിയതെന്നാണ് ഇലക്ഷൻ കമ്മറ്റിയുടെ ചുമതല വഹിച്ച നേതാക്കളുടെ വാദം. ക്ഷണിക്കാതെ എത്തിയതാണെങ്കിൽ സ്ഥാനാർത്ഥിക്കൊപ്പം മുൻനിരയിൽ എങ്ങനെ ഇയാൾക്ക് അവസരം ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. ടൗണിൽ തന്നെയുള്ള നേതാക്കൾക്ക് ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നിട്ടും മുൻനിരയിൽ എത്തിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

വാർത്തയും ഫോട്ടോയും എൽ.ഡി.എഫും യുഡിഎഫും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.ഇതും ക്രൈസ്തവ വോട്ടുകൾ നേടുന്നതിന് തടസമായി. തട്ടിപ്പിലൂടെ ജയിംസ് ജോർജ് സമ്പാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഈ കേസിൽ നിന്ന് രക്ഷപെടുത്താമെന്ന് ബിജെപിക്കാർ വാഗ്ദാനം ചെയ്തതിനാലാണ് വേഷം കെട്ടിച്ച് ജയിംസിനെ ഇറക്കിയതെന്നാണ് പ്രചാരണം നടക്കുന്നത്. ഇത് മുന്നണിക്കും ബിജെപിക്കും വളരെ നാണക്കേട് ഉണ്ടാക്കി. ബിജെപിക്കാർ ക്ഷണിച്ചപ്രകാരമാണ് താൻ പരിപാടിയിൽ പങ്കെടുത്തത് എന്നാണ് ജെയിംസ് ജോർജ് അവകാശപ്പെടുന്നത്.

ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന പരാതിയിൽ 2015 ലാണ് കൊല്ലം ഈസ്റ്റ് പൊലീസ് ജെയിംസ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ വിവിധ സർവകലാശാലകളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഇയാൾ നൽകിയിരുന്നു. ക്ലാസുകളൊന്നും നടത്താതെ തന്നെ ഇവരുടെ സ്വന്തം സ്ഥാപനത്തിന്റെ പേരിലുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റുകളും പ്രതികൾ വിൽപന നടത്തി.

തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം വെളുപ്പിക്കാനായി വിവിധ ജില്ലകളിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതിന്റെ തെളിവു ലഭിച്ചതോടെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണു സ്വത്തുകൾ കണ്ടുകെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *