കേരളത്തിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം ; വെച്ചൂച്ചിറ

Kerala Health Pathanamthitta
Print Friendly, PDF & Email

റാന്നി: കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമമായി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് മാറുന്നു. അന്ധരായ മനുഷ്യർക്ക് കാഴ്ച ലഭിക്കുന്നതിന് നേത്രദാനം പ്രോത്സാഹിപ്പിക്കുന്ന കാഴ്ച നേത്രദാന സേന എന്ന സംഘടനയുമായി ചേർന്നാണ് പഞ്ചായത്ത് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വെച്ചൂച്ചിറ സി.എം.എസ് എൽ.പി സ്‌കൂളിൽ കാഴ്ച നേത്രദാന സേന ചെയർമാൻ ചലച്ചിത്ര സംവിധായകൻ ബ്ലെസി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ രാജി വിജയകുമാർ, എസ്. രമാദേവി, എം.ജെ. ജിനു, എലിസബേത്ത് തോമസ്, റെസി ജോഷി, പി.എച്ച്. നഹാസ്, എസ്. പ്രസന്നകുമാരി, ടി കെ രാജൻ, സജി കൊട്ടാരം, കാഴ്ച ഭാരവാഹികളായ ഷാജി കൈപ്പുഴ, ജോയി ജോസഫ്, സാബു പുല്ലാട്, ഡോ. മനു വർഗീസ്, ആർ വരദരാജൻ, പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് ഭരണ സമതി, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വെച്ചൂച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം, പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ, വായനശാലകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെച്ചൂച്ചിറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും കണ്ണുകൾ മരണശേഷം ദാനമായി നൽകി സമൂഹത്തിനാകെ മാതൃകയാവുന്ന പദ്ധതിക്കാണ് പഞ്ചായത്ത് തയ്യാറാടെക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ടി. കെ. ജയിംസ് (ചെയർമാൻ), ഷാജി കൈപ്പുഴ (കൺവീനർ) എന്നിവർ ഭാരവാഹികളായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത്.

പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 15 വാർഡുകളിലുമായി ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ, നേത്ര ചികിത്സാ ക്യാമ്പുകൾ, നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങൽ, മറ്റ് അനുബന്ധ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *