ഭിന്നശേഷി സംവരണം : എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിന് സർക്കാർ സമിതി :

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന തസ്തികളിൽ നിയമനം നടത്തുന്നതിന് സംസ്ഥാനതല സെലക്ഷൻ സമിതി ഉടൻ രൂപീകരിക്കും. സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ സമയബന്ധിതമായി നിയമനം പൂർത്തിയാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു. ഇതോടെ സംസ്ഥാനത്തെ 4925 എയ്ഡഡ് സ്കൂളിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികളിലെ നിയമനം സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറുകയാണ്.

കേരള വിദ്യാഭ്യാസചട്ടപ്രകാരം എയ്ഡഡ് സ്കൂളുകളിലെ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകൾക്കാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഭിന്നശേഷിക്കാരുടെ സംവരണത്തിന് ചട്ടങ്ങളിലെ വ്യവസ്ഥകൾ നോക്കേണ്ടതില്ലെന്നും അക്കാര്യം തങ്ങൾ നോക്കിക്കൊള്ളാമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. സംസ്ഥാനത്തെ 4925 എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകളിൽ 2845 മാനേജ്മെന്റുകൾ മാത്രമാണ് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ വിശദാംശങ്ങൾ സർക്കാരിനും എംപ്ലോയ്മെന്റ് എക്ചേഞ്ചിനും കൈമാറിയിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 2845 സ്കൂളുകളിലായി 3023 തസ്തികകൾ ആണ് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളത്. ഇതിൽ 580 തസ്തികകളിൽ മാത്രമാണ് ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുള്ളത്.

അധ്യാപക ജോലിക്കായി സംസ്ഥാനത്തെ എംപ്ലോയ്മെൻറ് എക്ചേഞ്ചുകളിൽ 1040 പേർ മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് സംസ്ഥാന തല സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *