അടൂർ – കൊടുംചൂടിൽ നാട് വെന്തുരുകുമ്പോൾ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികൾക്ക് സ്‌നേഹജലം പകർന്ന് നൽകുകയാണ് വി.കെ സ്റ്റാൻലി ആനന്ദപ്പള്ളി എന്ന പരിസ്ഥിതി പ്രവർത്തകൻ. ഉരുകിയൊലിക്കുന്ന വേനൽ ചൂടിൽ അതിജീവനത്തിന്റെ പ്രാണജലം തേടി അലയുന്ന പക്ഷിക്കൂട്ടങ്ങളിലേക്കാണ് ഈ മനുഷ്യൻ കരുതലുമായി എത്തുന്നത്. ഗാന്ധി സ്മൃതി മൈതാനത്താണ് സ്റ്റാൻലി മൺപാത്രത്തിൽ ജീവജലം നിറയ്ക്കുന്നത്.
ഇവിടേക്ക് കാക്കയും കുരുവിയും മൈനയും എല്ലാം ആർത്തിയോടെ പറന്നിറങ്ങി ദാഹം തീർക്കുന്നു. കുളിർമയുടെ തലപ്പൊക്കം ചാർത്തി ഗാന്ധി സ്മൃതി മൈതാനിയിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന മഴമരങ്ങളിൽ നിരവധി പക്ഷികളാണ് തങ്ങുന്നത്. ഇവയെല്ലാം ഇവിടെ വച്ചിരിക്കുന്ന വെള്ളമാണ് കുടിക്കുന്നത്. പക്ഷികൾ തലങ്ങും വിലങ്ങും പറന്ന് താഴെ വീണ് മരിക്കുന്നത് കണ്ട സ്റ്റാൻലി പക്ഷി നിരീക്ഷകരെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.
വെള്ളം കിട്ടാതെ ഇനിയും ഒരു പക്ഷിയും കൂടൊഴിയാൻ പാടില്ലെന്ന നിശ്ചയദാർഢ്യത്തോടെയാണ് നഗരഹൃദയത്തിലുള്ള ഗാന്ധി സ്മൃതി മൈതാനിയിൽ മൺകുടത്തിൽ വെള്ളം വയ്ക്കാൻ തുടങ്ങിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക് എത്തി കാലിയായ മൺകുടത്തിൽ വീണ്ടും വെള്ളം നിറച്ചുവയ്ക്കും. പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ ഫാ. ഗീവർഗീസ് ബ്ലാഹേത്ത് എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

