പത്തനംതിട്ട – കഴിഞ്ഞ ദിവസം എനിക്ക് കൊല്ലത്ത് വരെ പോകേണ്ടി വന്നു. ,, KSRTC ബസ് സ്റ്റാൻ്റിലേക്ക് തിരിയുന്ന ജംഗ്ഷനിലെ ട്രാഫിക് ഐലന്റിൽ പെട്ടെന്നാണ് ഈ കാഴ്ച ശ്രദ്ധയിൽ പെട്ടത്, അത് ശ്രദ്ധിക്കാൻ ഒരു കാരണമുണ്ട്. ഒരു കാലത്ത് കേരള രാഷ്ടീയത്തിലെ മാത്രമല്ല ദേശീയ അന്തർദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ വായന മലയാളികളിൽ എത്തിച്ചിരുന്ന വീക്കിലി ആയിരുന്ന “കേരള ശബ്ദ “ത്തിൻ്റെ പരസ്യവും പേറിയായിരുന്നു അതിൻ്റെ നില്പ്. പെട്ടെന്ന് കണ്ടപ്പോൾ ഞാൻ നടുറോഡിൽ നിന്നു തന്നെ അതിൻ്റെ ചിത്രം മൊബൈലിൽ പകർത്തി. ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ വിചിത്ര ജീവിയെ പോലെ എന്നെ നോക്കുന്നത് കണ്ടതായി ഞാൻ ഭാവിച്ചില്ല. !!

കേരള ശബ്ദം വാരികയോട് എനിക്ക് വല്ലാത്ത ഒരു അടുപ്പവും ആത്മബന്ധവും ഉണ്ടായിരുന്നു. അതിന് ഒരു കാരണവും ഉണ്ടായിരുന്നു.. എൻ്റെ ഹൈസ്കൂൾ കാലഘട്ടം മുതലേ കിട്ടുമ്പോഴൊക്കെ ഞാൻ “കേരള ശബ്ദം ” വായിക്കാൻ തുടങ്ങിയിരുന്നു. മറ്റൊരു വാരിക “കലാ കൗമുദി ” ആയിരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ രാഷ്ട്രീയ ലേഖനങ്ങളും വിശകലനങ്ങളും ഈ വാരികകളിൽ വന്നിരുന്നു. കേരളകൗമുദി കുടുംബത്തിൽ നിന്നുമാണ് “കലാകൗമുദി” പ്രസിദ്ധീകരിച്ചിരുന്നത്. പി.ഗോവിന്ദപ്പിള്ള , ഭാസുരേന്ദ്രബാബു, ഇടമറുക് , ഏഴാച്ചേരി രാമചന്ദ്രൻ , ആർ പ്രസന്നൻ, തുടങ്ങിയവരുടെ രാഷ്ട്രീയ ലേഖനങ്ങൾ ഡോ. എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം, എം ടി.യുടെ രണ്ടാമൂഴം , ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വര, തുടങ്ങിയവയാൽ കലാകൗമുദി സമ്പന്നമായിരുന്നു.
എന്നാൽ ” കേരള ശബ്ദ”ത്തിലെ രാഷ്ട്രീയ ലേഖനങ്ങളും വിശകലനങ്ങളും അതിനെയും കടത്തി വെട്ടുന്നതായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പന്തളം ജംഗ്ഷനിലെ “മാടക്കട”കളിൽ നിന്നും ഇവ രണ്ടും മുടങ്ങാതെ വാങ്ങി വായിച്ചിരുന്നു. അന്ന് പന്തളം ജംഗ്ഷനിൽ ആലിൻ്റെ ചുവട് മുതൽ വടക്കോട്ട് നിരനിരയായി മാടക്കടകളായിരുന്നു. പി. അയ്യനേത്തിൻ്റെയും പമ്മൻ്റെയും എരിവും പുളിയും ചുരുമുള്ള നോവലുകൾ കേരള ശബ്ദത്തിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അവ വായിക്കാൻ താത്പര്യം തോന്നിയിരുന്നില്ല .
1962 ലാണ് കേരള ശബ്ദം വാരിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. വ്യവസായിയായ തമിഴ്നാട് സ്വദേശി കൃഷ്ണസ്വാമി റെഡ്യാർ ആയിരുന്നു കേരളശബ്ദം തുടങ്ങിയത്. SK റെഡ്യാർ ആൻ്റ് സൺസ് എന്ന കമ്പിനിയായിരുന്നു പ്രസാധകർ എന്നാണോർമ്മ. RSP നേതാവായ എൻ ശ്രീകണ്ഠൻ നായർ , ശ്രീ T Kദിവാകരൻ, ശ്രീ.ബേബി ജോൺ എന്നിവരും അതിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു.
കേരള ശബ്ദവുമായുള്ള എൻ്റെ ആത്മബന്ധത്തെ കുറിച്ചായിരുന്നു പറഞ്ഞ് വന്നത്. ഞാൻ പ്രീ ഡിഗ്രി എട്ട് നിലയിൽ പൊട്ടി നാട്ടിൽ തെക്ക് വടക്ക് നടക്കുന്ന കാലം. എൻ്റെ കഴിവും വിലയിരുത്തലും വച്ച് ഇന്നത്തെ കാലത്തായിരുന്നെങ്കിൽ മിനിമം ഒരു “ഫുൾ എ പ്ലസ്സ്” കിട്ടേണ്ടതായിരുന്നു. നാറികൾ എന്നെ മലയാളം സെക്കൻ്റ് പേപ്പറിനൊഴിച്ച് എല്ലാത്തിനും തോൽപ്പിച്ച് കളഞ്ഞു. പേപ്പർ നോക്കുന്നവർക്ക് എൻ്റെ നിലവാരത്തിലേക്ക് എത്താൻ കഴിയാത്തതിൽ എനിക്ക് അവരോട് പരമ സഹതാപം തോന്നിയിരുന്നു. എന്നെ എങ്ങനെയെങ്കിലും ജയിപ്പിച്ച് വിടണേ എന്ന പ്രാർത്ഥന കേൾക്കാതിരുന്ന ദൈവങ്ങളോടും എൻ്റെ മനോഭാവം അത് തന്നെയായിരുന്നു. ജയിച്ചാൽ നേർച്ചയിടാൻ വെച്ചിരുന്ന നാണയങ്ങൾ എടുത്ത് ഞാൻ പുട്ടടിച്ചു. അത്ര കൊള്ളില്ലല്ലോ. ,,, രണ്ടായാലും ഞാൻ തോറ്റ് തൊപ്പിയിട്ടു.
ഈ കലഘട്ടത്തിൽ പഞ്ചാബിലെ ലുധിയാനയിൽ പിറവി കൊണ്ട യുവജന വിപ്ലവ പ്രസ്ഥാനത്തിൻ്റെ പ്രദേശത്തെ പ്രവർത്തകനായി.
രാഷ്ടീയത്തിൽ ആദർശ പുണ്യാളൻ ശ്രീമാൻ എ.കെ ആൻ്റണി കത്തിജ്വലിച്ച് നിൽക്കുന്ന കാലം. തനിക്ക് കിട്ടുന്ന ഉന്നത സ്ഥാനമാനങ്ങൾ “ഇസ്പേഡ് ആസ്സു”പോലെ വലിച്ചെറിഞ്ഞ് ആദർശക്കുപ്പായ മേലങ്കി സ്വയം എടുത്തണിഞ്ഞ് ദൃദംഗപുളകിതനായി കേരള മുഖ്യമന്ത്രിയായി വാഴുന്ന കാലം. മനോരമാദി മാപത്രങ്ങളിലെ പുണ്യ പൂരുഷൻ.
ഈ പുള്ളിയുടെ ആദർശ പരിവേഷം ശുദ്ധ തട്ടിപ്പും, മുന്തിയ സ്ഥാനമാനങ്ങൾ നേടാനുള്ള തന്ത്രമാണെന്നും അന്നും ഇന്നും എന്നും എൻ്റെ മനസ്സ് ഉറപ്പിച്ച് പറഞ്ഞിരുന്നു . എ കെ ആൻ്റണിയെ സമൂലം വിമർശിച്ചും മുഖംമൂടി പിച്ചിച്ചീന്തിയും ഒരു പേജ് വരുന്ന കത്ത് കേരള ശബ്ദം എഡിറ്റർക്ക് എഴുതി. അത്ഭുതമെന്ന് പറയട്ടെ വള്ളി പുള്ളി വിസർഗ്ഗം വിടാതെ കത്ത് അച്ചടിച്ച് വന്നിരിക്കുന്നു. എൻ്റെ കുറിപ്പടി വലിച്ച് കീറി കുട്ടയിലിടുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കൃത്യമായ വിഷയം ഇപ്പോൾ ഓർക്കുന്നില്ല എന്ന വിവരം ക്ഷമാപണത്തോടെ അറിയിക്കട്ടെ. കുറെ കാലം ആ പേജ് നിധിപോലെ സൂക്ഷിച്ചിരുന്നു. ആ പേജ് പല ആവർത്തി വായിച്ചു. ഉള്ളിൽ നേരിയ ഭയം ഇല്ലാതില്ല. ,,, രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത ഞാൻ സാക്ഷാൽ ആദർശ പുണ്യാളനെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ്…. കോൺഗ്രസ്സ് കൊടികുത്തി വാഴുന്ന കാലം. അന്ന് സ്ഥലത്തെ യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന ശ്രീ ജി. ലോകേഷ് ഇതേ കുറിച്ച് ആദ്യമായി എന്നോട് സംസാരിച്ചു. “സാക്ഷാൽ A Kആൻ്റണിയെ കുറിച്ച് ഇങ്ങനെയൊക്കെ എഴുതാനുള്ള ധൈര്യമുണ്ടോ ” എന്ന ചോദ്യം എന്നിൽ ആശങ്ക ഉണ്ടാക്കി. ഇരുട്ടടി കിട്ടാനുള്ള സാദ്ധ്യത മുന്നിൽ കണ്ടു. എങ്കിലും അത് ഒരു അംഗീകാരമായി തന്നെ ഇന്നും തോന്നുന്നു. മുംബെയിൽ താമസമാക്കിയ അദ്ദേഹത്തോട് ഇന്നും സൗഹൃദം പുലർത്താൻ വാട്ട്സപ്പിലൂടെ കഴിയുന്നു എന്നത് സന്തോഷകരമാണ്. പരേതനായ മാന്താനത്ത് നന്ദകുമാർ ഒക്കെ വിലസുന്ന കാലം. “എഴുതിയത് വായിച്ചു. ” ഇത്രമാത്രം പറഞ്ഞു അദ്ദേഹം അതിൽ നിർത്തി.
അന്ന് ഞാൻ ചെങ്ങന്നൂരിൽ MPITC യിൽ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് പഠിക്കുകയായിരുന്നു. രണ്ടാം വർഷം . ശ്രീ മോഹനചന്ദ്രൻ നായർ സാർ ഞങ്ങളെ പഠിപ്പിച്ചിരുന്ന കാലം. നാല് പതിനഞ്ചിന് ചെങ്ങന്നൂരിൽ നിന്നുള്ള A 81 കോട്ട, കാരിത്തോട്ട, ഇലവുംതിട്ട വഴി പത്തനംതിട്ടയ്ക്കുള്ള ബസ്സിലോ അതെ സമയത്തുള്ള കാരയ്ക്കാട് – കോഴഞ്ചേരി ബസ്സിനോ ആണ് വൈകിട്ട് ഫുഡ് ബോർഡിൽ തൂങ്ങി വീട് പിടിച്ചിരുന്നത്. “ബിന്ദു കുമാറെ. ,,, ” ഞാൻ തിരിഞ്ഞ് നോക്കി. ഖനഗംഭീര ശബ്ദം. മോഹന ചന്ദ്രൻ സാറാണ്. ” കേരള ശബ്ദത്തിലെ കത്തു വായിച്ചു. കൊള്ളാം ,,, എഴുതണം. ,,, ” സാർ തുടർന്നു. ഞാൻ സ്തംബ്ദനായി നിന്നു. സാറിൻ്റെ കയ്യിലും കേരള ശബ്ദം ,,,, സാറ് ചെറുതായി പുഞ്ചിരിച്ച് ബസ്സിൽ കയറി . സാറിൻ്റെ വാക്കുകൾ ഞാൻ ഹൃദയത്തിൻ്റെ കോണിൽ പതിപ്പിച്ചു. നിധിപോലെ. ബസ്സ് നീങ്ങി. ഞാൻ ഫുട് ബോഡിലെ സ്ഥിര യാത്രയിലേക്ക് ചാടിക്കയറി.. ഫുട്ബോഡിൽ നിന്ന് യാത്ര ചെയ്യേണ്ടി വരുന്നതിൻ്റെ രഹസ്യം പിന്നീട് എഴുതാം. പിന്നീട് കാര്യമായി എഴുതിയില്ല. സാറ് ഭാഭാ അറ്റോമിക് റിസേർച്ച് സെൻ്ററിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് KSEB യിൽ എഞ്ചിനിയറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം വിരമിച്ചതിന് ശേഷവും അവിടെ എഞ്ചിനിയർമാരെ അടക്കം പഠിപ്പിച്ച് കൊണ്ടിരിക്കുന്നു.
കോൺഗ്രസ്സിലെ ആദർശ പുംഗവൻ തൻ്റെ “ഉത്പന്നത്തെ “എതിർ പക്ഷത്ത് അടിയറ വച്ച് “ആദർശ പ്രതിരോധം ” തീർത്തിരിക്കുന്നു. ഇലക്ഷൻ കഴിയുന്നത് വരെ ആരോഗ്യ കാരണങ്ങളാൽ മൗനവൃതമാണ് പോലും. ,,,, കഷ്ടം.. ! കോൺഗ്രസ്സിൻ്റെ അവസാനത്തെ പ്രതിരോധ മന്ത്രി. ,,,, മന്ത്രിസഭയിലെ രണ്ടാമൻ ,,,, കോൺഗ്രസ്സ് ഊർദ്ധശ്വാസം വലിക്കുമ്പോൾ അതിൻ്റെ എല്ലാ സുഖലോലുപതയിലും വിരാജിച്ചയാൾ.. ആദർശധീരൻ.! അന്നത്തെ എൻ്റെ നിരീക്ഷണം കൃത്യമായിരുന്നു എന്ന് കാലം തെളിയിച്ചിരിക്കുന്നു….!
ഞാനും ഒരു യാത്രയുടെ ഭാഗമായി കറങ്ങി തിരിഞ്ഞ് കൊല്ലത്ത് നടുറോഡിൽ ആ പരസ്യ ബോർഡിന് മുമ്പിൽ കൊടും വെയിലത്ത് എത്തപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടോ “കേരള ശബ്ദം ” എന്ന സ്വതന്ത്ര രാഷ്ട്രിയ വരിക നിന്നു പോയി. Dr. രാജാ കൃഷ്ണനായിരുന്നു അവസാന പത്രാധിപർ. ആ കുടുംബത്തിലെ നാനയും മഹിള രത്നവും മുത്തുച്ചിപ്പിക്കും ഒക്കെ അകാല ചരമം പ്രാപിച്ചിരിക്കുന്നു. കലാകൗമുദിയും ശോഭനമല്ലാത്ത ഭാവിയിൽ എത്തപ്പെട്ടിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികളിൽ നിർണ്ണായക സ്വാധീനം സൃഷ്ടിച്ചിരുന്ന ഇത്തരം പ്രസിദ്ധീകരണങ്ങൾ നിലനിൽക്കേണ്ടത് അനിവാര്യമാണ്. സമീപ ഭാവിയിൽ “കേരള ശബ്ദ ” അതിൻ്റെ കാഹളധ്വനി വീണ്ടും മുഴങ്ങട്ടെയെന്ന് ആഗ്രഹിക്കുന്നു.
@ വിഎസ് ബിന്ദുകുമാർ , മെഴുവേലി


