വിഷപ്പുക ശ്വസിച്ചു രോഗികളായി മരിച്ചുവീഴുന്നവരുടെ നാട് !!

Pathanamthitta Special TECH

പത്തനംതിട്ട ജില്ലയിലെ കുമ്പനാട് കടപ്ര നിവാസികൾ സമാനതകളില്ലാത്ത ദുരിതത്തിലാണ്. കോയിപ്രം പഞ്ചായത്ത് കടപ്ര ടൈമുക്കിന് സമീപം ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ബിറ്റുമെൻ ടാർ മിക്‌സിങ് പ്ലാന്റ് ചെളേളത്ത് പാറ കോളനിയിലെ മനുഷ്യരെ അടക്കം അകാല മരണത്തിലേക്കും ശ്വാസകോശരോഗങ്ങൾ അടക്കം മാരക രോഗങ്ങളിലേക്കും തള്ളി വിടുന്നു. ആകാശത്തിലേക്ക് നാൽപ്പതടിയോളം ഉയർന്നു നിൽക്കുന്ന പ്ലാന്റിന്റെ പുകക്കുഴൽ വമിപ്പിക്കുന്ന വിഷപ്പുക വലിച്ചു കയറ്റി ശ്വാസത്തിന് വേണ്ടി പിടയുകയാണ് പിഞ്ചുകുഞ്ഞുങ്ങളും പ്രായം ചെന്നവരും. ഈ പ്ലാന്റിനെതിരെ സമീപവാസികൾ വീണ്ടും സമരവുമായി രംഗത്തെത്തിയിട്ടു കുറെനാളുകളായി. തിരഞ്ഞെടുപ്പായിട്ടു പോലും ഇവിടേക്ക് തിരിഞ്ഞു നോക്കാതെ രാഷ്ട്രീയക്കാർ.

കോയിപ്രം പഞ്ചായത്തിലെ കടപ്ര കുറ്റിക്കാട്ട് പടിയിൽ വ്യക്തിയുടെ വീടിനു പിന്നിലെ പറമ്പിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റു കൊണ്ടുള്ള ദുരിതം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങളായി ഇവിടുത്തെ ജനങ്ങൾ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ചെളേളത്ത് പാറ കോളനിയിലെ ജനങ്ങളെയാണ്. പ്ലാന്റിന്റെ പുകക്കുഴലിന് സമാന്തരമായി ഉയർന്നു നിൽക്കുന്ന സ്ഥലമാണ് കോളനി. പതിനെട്ടോളം കുടുംബങ്ങൾ ഇവിടെ കഴിയുന്നു. മിക്ക വീടുകളിലും പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് രോഗികളായവരുണ്ട്. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്നവർ വരെ അവരുടെ അനുഭവം ചങ്കുപൊട്ടി തുറന്നു പറയുന്നു.

വർഷങ്ങൾക്ക് മുൻപ് ഈ പ്ലാന്റിനെതിരേ സമരം നടന്നിരുന്നു. അത് പിന്നീട് ദുർബലമായി. കുറേക്കാലം പ്ലാന്റ് പ്രവർത്തനം ഇല്ലാതെ കിടന്നു. ഇപ്പോൾ വീണ്ടും പ്ലാന്റ് ഊർജ്ജിതമായി പ്രവർത്തിക്കുകയാണ്. അപ്പോൾ വീണ്ടും പലരിലും രോഗങ്ങൾ തലപൊക്കിത്തുടങ്ങി. പ്രായം ചെന്ന രോഗികൾ പ്രതിരോധിക്കാൻ കഴിയാതെ മരിച്ചു വീഴുന്നു. കൊടുവേനലിൽ കുടിവെള്ളത്തിന് പോലും ക്ഷാമം നേരിടുന്ന ഈ പ്രദേശങ്ങളിലേക്ക് വിഷപ്പുക ഉയർന്നു പൊങ്ങി. നിരവധി പുതിയ രോഗികളുണ്ടായി. രൂക്ഷമായ വായുമലിനീകരണം കാരണം ആസ്തമ മൂർച്ഛിച്ചു പ്ലാന്റിനടുത്തു താമസിക്കുന്ന വാസു നാരായണനും കൊച്ചുമകനും ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടെ ജനകീയ സമരവും തുടങ്ങി. ഉയർന്ന താപനിലയിലാണ് കുറ്റിക്കാട്ട് ഹോട്ട്മിക്‌സിങ് പ്ലാന്റ പ്രവർത്തിക്കുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യുന്ന റോഡുകൾക്കുള്ള മിശ്രിതമാണ് ഇവിടെ തയാറാക്കുന്നത്. കുമ്പനാട് കടപ്ര-തട്ടയ്ക്കാട് പ്രദേശത്തെ മനുഷ്യരെ നിത്യരോഗികളാക്കി കൊണ്ടിരിക്കുകയാണ് പളാന്റ് സമരത്തിന് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ലഭിച്ചിട്ടില്ലന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.

കോടികൾ പിരിവ് കൊടുക്കുന്ന മുതലാളിക്കെതിരെ രാഷ്ട്രീയക്കാർ സമരത്തിനിറങ്ങുമോ ? ഈ മണ്ണിൽ ജീവിക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് സമരം ചെയ്തേ മതിയാവൂ.. ഇതിനൊരു പരിഹാരം ഉണ്ടാകും വരെ മുന്നോട്ട് തന്നെ. വിഷപ്പുക ശ്വസിക്കാതെ ജീവിക്കാനുള്ള ഒരു ജനതയുടെ സമരം. കണ്ടില്ലെന്ന് നടിക്കരുതേ.. !!

രാജേഷ്‌കുമാർ കടമ്മനിട്ടക്കൊപ്പം ജിബു വിജയൻ ഇലവുംതിട്ട

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *