ഷാർജ – യുഎഇയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതഎന്ന കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും വരെ സാദ്ധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. തിങ്കളാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ഈ കാലാവസ്ഥ നിലനിൽക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ദുബായ്, ഷാർജ, ഫുജൈറ അടക്കമുള്ള എമിറേറ്റ്സുകളിലെ റോഡുകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. റോഡിൽ വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.
ശക്തമായ കാറ്റിനുള്ള സാദ്ധ്യത നിലനിൽക്കുന്നതിനാൽ ദൂരക്കാഴ്ചാ പരിധി ഗണ്യമായി കുറഞ്ഞേക്കും. ഇതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ആവശ്യമായ ജാഗ്രത പുലർത്തണം. ശക്തമായ മഴ വെള്ളക്കെട്ടിനും പ്രളയത്തിനും കാരണമായേക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും കാലാവസ്ഥയിൽ മാറ്റം വരുന്നതെന്നും ബുധനാഴ്ച രാവിലെ വരെ ഇത് തുടരാനും സാദ്ധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാലയളവിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ബുധനാഴ്ച യുഎഇയുടെ വടക്കൻ മേഖലകളിലും കിഴക്കൻ പ്രദേശങ്ങളിലും മഴ ലഭിക്കുകയും തുടർന്ന് അത് ദുർബലമാവുകയും ചെയ്യും. വ്യാഴാഴ്ചയോടെ കാലാവസ്ഥ പൂർവസ്ഥിതിയിലാവുമെന്നും ഇപ്പോഴത്തെ അറിയിപ്പിൽ പറയുന്നു.
അയൽ രാജ്യമായ ഒമാനിൽ ഞായറാഴ്ച ലഭിച്ച കനത്ത മഴയെ തുടർന്ന് 12 പേരാണ് മരിച്ചത്. ഇവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് മരിച്ചത്. ബഹ്‌റൈനിലും മഴ തുടരുകയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

