അഗ്നിശമന സേനാദിനം പത്തനംതിട്ടയിൽ വിപുലമായി ആഘോഷിച്ചു

Pathanamthitta Lifestyle Special
Print Friendly, PDF & Email

അഗ്നിശമന സേനാദിനം പത്തനംതിട്ടയിൽ വിപുലമായി ആഘോഷിച്ചു

പത്തനംതിട്ട – 1944 ലെ ഏപ്രിൽ 14 നു ഉച്ചക്ക് പന്ത്രണ്ടേമുക്കാലിന് മുബൈ തുറമുഖത്തെ വിക്ടോറിയ ഡോക്കിൽ നങ്കൂരമിട്ട എസ്.എസ് ഫോർട്ട് സ്റ്റൈകീൻ എന്ന ബ്രിട്ടീഷ് കപ്പലിലുണ്ടായ തീപിടുത്തത്തിൽ ജീവത്യാഗം ചെയ്ത അഗ്നിശമന സൈനികരുടെ ഓർമ്മ ദിനമാണ് ദേശീയ അഗ്നിശമന സേനാ ദിനം ആചരിക്കുന്നത്.

ഈ കപ്പലിലുണ്ടായ തീപിടുത്തത്തിലും തുടർന്നുണ്ടായ സ്ഫോടനത്തിലും ഒട്ടേറെ മനുഷ്യരാണ് മരണപ്പെട്ടത്. കോടികണക്കിനു രൂപയുടെ വസ്തുവകകൾ ആണ് നശിച്ചത്. സ്ഫോടകവസ്തുക്കളാണ് കപ്പലിൽ സംഭരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയ അഗ്‌നിശമന സേന പല വിഭാഗങ്ങളിലായി തിരിഞ്ഞ് തങ്ങളുടെ കർത്തവ്യ നിർവഹണത്തിൽ ധീരമായി ഏർപ്പെട്ടു. ഈ രക്ഷാ പ്രവർത്തനത്തിനിടെ 59 സേനാംഗങ്ങളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. നിരവധി സേനാംഗങ്ങൾക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. കപ്പലിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ കത്തുന്ന ഒരു സിഗററ്റ്കുറ്റിയാണ് ഈ തീപിടുത്തത്തിന് കാരണമായതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ തെളിഞ്ഞു.

ഈ സംഭവം അനുസ്മരിച്ചുകൊണ്ടും, കേരളത്തിലടക്കം മൺമറഞ്ഞ ധീരരായ അഗ്‌നിശമന സേനാംഗങ്ങളെ ആദരിച്ചു കൊണ്ടുമാണ് എല്ലാവർഷവും ഏപ്രിൽ 14 രാജ്യമൊട്ടുക്കും അഗ്‌നിശമന സേനാ ദിനമായി ആചരിക്കുന്നത്.

വിവിധ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ജീവൻ വെടിഞ്ഞ സഹപ്രവർത്തകരായിരുന്ന ധീരരായ സേനാംഗങ്ങളുടെ പ്രവർത്തനം മറ്റ് സേനാംഗങ്ങൾക്ക് കൂടി പ്രചോദനമേകണം എന്ന ലക്ഷ്യത്തോടെയാണ് ഈദിനം ആചരിക്കുന്നത്. കൂടാതെ ഫയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് വിവിധ അനുസ്മരണ ചടങ്ങുകൾ ഉൾപ്പെടുന്ന ഒരുആഴ്ച നീണ്ടു നിൽക്കുന്ന വാരാഘോഷം നടത്തി വരുന്നു.

പത്തനംതിട്ട കണ്ണങ്കരയിലെ അഗ്നിശമന സേനാ ജില്ലാ കേന്ദ്രത്തിൽ രാവിലെ 9 മണിക്ക് പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ ശ്രീ. B. M. Prathap Chandran പതാകയുയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി, ജില്ലാ ഓഫീസറുടെ കമാന്റോടെ സേനാംഗങ്ങൾ സ്മൃതി കുടീരത്തിൽ പുഷ്പങ്ങളർപ്പിച്ചു സല്യൂട്ട് ചെയ്തു. തുടർന്ന് പത്തനംതിട്ട നഗരത്തിൽ അഗ്നിശമന സേനാംഗങ്ങളുടെയും, വാഹനങ്ങളുടെയും ബോധവത്കരണ റാലി സംഘടിപ്പിച്ചു..
ഓഫീസറന്മാർ റാലിക്കും പരിപാടികൾക്കും നേതൃത്വം നൽകി.

ഏപ്രിൽ 20 വരെ നീണ്ടുനിൽക്കുന്ന വാരാഘോഷത്തിൽ പൊതുജനങ്ങൾക്ക് അഗ്നിശമന സേന നടത്തുന്ന പ്രവർത്തനങ്ങളെയും, ഉപകരണങ്ങളെയും അടുത്തറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്, ജനകീയ ഫയർ‌ഫോഴ്സ് സംവിധാനത്തത്തിനും ഇതോടെ തുടക്കമാകും. ഫയർ ഫോഴ്‌സിന്റെ പ്രവർത്തനങ്ങളിൽ പൊതുജനത്തെ കൂടി ഉൾപ്പെടുത്തി മികച്ച സേവനം ഉറപ്പാക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.

അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി എല്ലാ അടിയന്തരസാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്ന സേനാവിഭാഗമാണ് കേരള അഗ്നി രക്ഷാ സേവനം (Kerala Fire And Rescue Services). കേരള സർക്കാരിൻറെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന ഈ സേനയിൽ 121 അഗ്നി രക്ഷാ നിലയങ്ങളിലായി നാലായിരത്തി എണ്ണൂറോളം എക്സിക്യൂട്ടീവ് ജീവനക്കാരും ഇരിന്നൂറോളം മിനിസ്‌‍റ്റീരിയൽ ജീവനക്കാരും സേവനമാനുഷ്ടിക്കുന്നുണ്ട്. “രക്ഷാപ്രവർത്തനം സേവനം” എന്നർത്ഥം വരുന്ന ത്രാണായ സേവാ മഹേ എന്ന സംസ്കൃത വാക്യമാണ് ഈ സേനയുടെ ആപ്തവാക്യം.

ടീം പത്തനംതിട്ടക്ക് വേണ്ടി ജിബു വിജയൻ ഇലവുംതിട്ട

 

Leave a Reply

Your email address will not be published. Required fields are marked *