ഇലവുംതിട്ടയിലെ കര്‍ഷക കൂട്ടായ്മയായ എഫ് ഫോര്‍ ഫ്രഷ് ഫാമേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നിര്‍മിച്ച മരച്ചീനിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിപണനോദ്ഘാടനം നിര്‍വഹിച്ചു. വ്യാപാരി വ്യവസായ സമിതി ഇലവുംതിട്ട യൂണിറ്റ് പ്രസിഡന്റ് മഹല്‍ രാജന്‍ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി.
മരച്ചീനി പക്കാവട, മിക്സ്ചര്‍, മധുര സേവ, മുറുക്ക് തുടങ്ങിയ ഉല്‍പന്നങ്ങളാണ് പുറത്തിറക്കിയത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ചത്. മരച്ചീനി കര്‍ഷകര്‍ക്ക് സ്ഥിരമായി നല്ല വില ലഭിക്കാന്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വഴിയൊരുക്കും. ഇലവുംതിട്ട ജംഗ്ഷനിലെ എഫ് ഫോര്‍ ഫ്രഷ് ഫാമേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഔട്ട്ലെറ്റില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കാര്‍ഷികോല്‍പന്നങ്ങളും വാങ്ങാം. എല്ലാ ബുധനും ശനിയും കാര്‍ഷികോത്പന്നങ്ങള്‍ ഈ ഔട്ട്ലെറ്റ് മുഖേന ലേലത്തിലൂടെ വിപണനം ചെയ്ത് മികച്ച വില നേടുന്നതിന് കര്‍ഷകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, കുളനട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.എസ്. അനീഷ് മോന്‍, കമ്പനി ചെയര്‍മാന്‍ വി. വിനോദ്, ഡയറക്ടര്‍മാരായ വിഷ്ണു ദേവ്, മനു, സിഇഒ രേഷ്മ, മെഴുവേലി കൃഷി ഓഫീസര്‍ പ്രിയങ്ക ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

