ഇറാൻ മിസൈൽ പ്രയോഗം തുടങ്ങി ; ഇസ്രായേൽ തിരിച്ചടി ഉണ്ടാകും ; ആശങ്കയിൽ പ്രവാസികൾ

World India

ദുബായ് – സിറിയയിലെ നയതതന്ത്ര കാര്യാലയത്തിൽ ബോംബിട്ടു ഇറാൻ സൈനിക ഉദ്യോഗസ്ഥരെ കൊന്നത് ഇസ്രായേൽ ആണെന്നാരോപിച്ചു ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഇസ്രയേലിന് നേരെയുള്ള മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാൻ നഗരങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടക്കുന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, 200-ഓളം മിസൈലുകളും ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് തകർത്തു കളഞ്ഞതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായും ഒരു സൈനികത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

ഇതിനിടെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് അടിയന്തരമായി ചേർന്ന ഇസ്രയേൽ സുരക്ഷാ മന്ത്രിസഭാ യോഗം യുദ്ധകാല മന്ത്രിസഭയ്ക്ക് അധികാരം നൽകി. ഇതോടെ യുദ്ധവുമായി ബന്ധപ്പെട്ട ഇസ്രയേൽ മന്ത്രിസഭാ സമിതിക്ക് സുരക്ഷാ മന്ത്രിസഭയുടെ അനുമതിയില്ലാതെ നടപടികൾ സ്വീകരിക്കാൻ കഴിയും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ചനടത്തുകയും ചെയ്തു. നെതന്യാഹുവിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിതല യോഗത്തിന് ശേഷമായിരുന്നു ബൈഡനുമായുള്ള ചർച്ച. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കേ യുഎൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ ഉള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യ ഊർജ്ജിതമായി നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്. ഈ മേഖലയിലെ രാജ്യങ്ങൾ വ്യോമ മാർഗ്ഗം അടച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനങ്ങൾ മറ്റു വ്യോമ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുമെന്ന് എയർ ഇന്ത്യയും, വിസ്താര അയർലൈനും അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ആശങ്കാകുലരാണ്. ഇറാന്റെ തൊട്ടടുത്ത രാജ്യങ്ങളായ ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളെ യുദ്ധം ഏതുരീതിയിലാണ് ബാധിക്കുക എന്ന് പറയാനാകില്ല. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ലോക കമ്പോളത്തിൽ ഉയർന്നിട്ടുണ്ട് .

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *