കൊച്ചി : ഇന്നലെ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ നടപടി ഷോ കാണിക്കാനുള്ള പുറപ്പാടാണെന്ന് മനസിലാക്കിയ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ തിടുക്കപ്പെട്ട് രാവിലെ ജയിലിലെ നിന്ന് ചാടിയിറങ്ങി മുങ്ങി. ജാമ്യം കിട്ടിയിട്ടും പൈസ അടക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്നാണ് ബോബിയുടെ പ്രതികരണം. ഹണി റോസിൻ്റെ ഹണി ട്രാപ്പാണിത്… എന്തായാലും പടക്കം പൊട്ടിക്കും സാറേ.. “ – എന്നാണ് ബോബിക്ക് സ്വീകരണം നൽകാനെത്തിയ ആരാധകർ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞത്. കാക്കനാട് ജില്ലാ ജയിലിന് പുറത്ത് ബോബിയുടെ ഫാൻസുകാർ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പോലീസുകാർ വിലക്കിയെങ്കിലും ആരാധകർ തർക്കിക്കുകയായിരുന്നു.
ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 5 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.
കോടതിയോടു കളിക്കാൻ നിൽക്കരുതെന്നും ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പു നൽകി. എന്തു സാഹചര്യത്തിലാണ് ഇന്നലെ ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്നത് എന്നതിൽ ഉച്ചയ്ക്ക് 12ന് വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടു. ‘‘ബോബി ഹൈക്കോടതിയോട് കളിക്കാൻ ശ്രമിക്കുകയാണ്. റിമാൻഡ് തടവുകാരുടെ കാര്യം നോക്കാൻ ഇവിടെ കോടതിയുണ്ട്. കുറെ മാധ്യമശ്രദ്ധ കിട്ടാനായി ഇത്തരം പരിപാടികൾ ചെയ്താൽ എന്താണു ചെയ്യേണ്ടത് എന്ന് കോടതിക്ക് അറിയാം. അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ടു രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ വിചാരണ നടത്തിക്കും. അതിനും കോടതി മടിക്കില്ല. കോടതി ഉത്തരവ് ഇത്രയ്ക്കു ലഘുവായിട്ടാണോ എടുക്കുന്നത് ?’’– കോടതി ആരാഞ്ഞു.


