പത്തനംതിട്ടയിൽ സ്ഥാനാർഥികൾക്കുള്ള പരിശീലനം നടത്തി

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – തെരഞ്ഞടുപ്പ് ചെലവ് സംബന്ധിച്ച് സ്ഥാനാർഥികൾക്കുള്ള പരിശീലന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ചെലവ് നിരീക്ഷകൻ കമലേഷ് കുമാർ മീണാ പറഞ്ഞു.

ചിഹ്നങ്ങളോ പോസ്റ്ററുകളോ പതിപ്പിച്ച വാഹനങ്ങളുടെ ചെലവ്, ബാരിക്കേഡുകൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, പൊതു പരിപാടികളുടെ വിവരങ്ങൾ എന്നിവ കൃത്യമായി ശേഖരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് വേളയിൽ ഓരോ സ്ഥാനാർഥിയും നാമനിർദ്ദേശ ദിവസം മുതൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെയുളള (രണ്ടു തീയതിയും ഉൾപ്പെടെ) കണക്കുകൾ സൂക്ഷിക്കണം.
തെരഞ്ഞെടുപ്പ് ചെലവിന്റെ കൃത്യമായ കണക്ക് ഫലപ്രഖ്യാപനം മുതൽ 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. 30 ദിവസം കണക്കാക്കുന്നതിന് ഫല പ്രഖ്യാപന ദിവസം ഒഴിവാക്കണം. നിശ്ചിത രീതിയിൽ നിശ്ചിത സമയത്തിനകം തെരഞ്ഞെടുപ്പ് കണക്ക് സമർപ്പിച്ചില്ലെങ്കിൽ സ്ഥാനാർഥിയെ മൂന്ന് വർഷത്തേക്ക് അയോഗ്യനാക്കും.

തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടിലാകണം പണമെല്ലാം നിക്ഷേപിക്കേണ്ടത്. അക്കൗണ്ടിൽ നിന്ന് പണം ചെലവഴിക്കുന്നത് സ്ഥാനാർഥി മാത്രമായിരിക്കണം. ചെലവ് സംബന്ധിച്ച കണക്ക് ജില്ലാ ചെലവ് നിരീക്ഷകന് സമർപ്പിക്കുമ്പോൾ ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉണ്ടാകണം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രചരണ കാലയളവിൽ ഉൾപ്പെടെ ഒരു സ്ഥാനാർഥിക്ക് പരമാവധി 10,000 രൂപ മാത്രമേ പണമായി ചെലവാക്കാൻ കഴിയൂ. മറ്റ് തെരഞ്ഞെടുപ്പ് ചെലവുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാകണം.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ഫിനാൻസ് ഓഫീസർ കെ അനിൽകുമാർ, സ്ഥാനാർഥികൾ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *