എറണാകുളം – മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തിൽ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിൻറെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത്.
നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായാണ് ഇ.ഡി കോടതിയെ അറിയിച്ചത്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണ്. ബോണ്ട് സംബന്ധിച്ച പ്രധാന തീരുമാനമെടുത്ത വ്യക്തി ധനവകുപ്പ് മന്ത്രിയായിരുന്ന ഐസക്കാണ്. ഹൈക്കോടതിയിൽ ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചു.
ഇ.ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും, അധികാരികളെയും വെല്ലുവിളിക്കുന്നു. ഏതു കാരണത്താലാണു തനിക്കു സമൻസ് തരുന്നതെന്ന കാര്യം ഇഡി വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ഐസക്കിന്റെ വാദം. മസാലാ ബോണ്ട് കേസ് അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിൻറെ മൊഴിയെടുക്കണമെന്നും ഇ.ഡി വ്യക്തമാക്കി. ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്യുക മാത്രമേയുള്ളൂവെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. അതിനായി തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ടയിലേക്ക് എത്തുമോ എന്നാണു ഇനി കണ്ടറിയേണ്ടത്.


