മരണക്കിണറിൽ നിന്ന് കരകയറിയ എലിസബത്തിനെ മാർ സെറാഫീം സന്ദർശിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ നോമ്പിന്റെ ഭാഗമായുള്ള ക്രിസ്തുവിന്റെ പീഡാനുഭവത്തെയും ഉയർപ്പിനെയും അനുസ്മരിപ്പിക്കുന്ന ഹാശാ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ അടൂർ വയല പ്രാവിളയിൽ എലിസബത്ത് ബാബുവിനും പറയാനുള്ളത് ജീവിതത്തിനും മരണത്തെയും മരണത്തെയും മുഖാമുഖം കണ്ടതിനു ശേഷം ജീവിതത്തിലേക്ക് കൈടിച്ചു കയറിയതിനെക്കുറിച്ചാണ്. വീടിനു സമീപത്തുള്ള പറമ്പിൽ ആടിനെ തീറ്റുന്നതിന് ഇടയിൽ എലിസബത്തിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിയ ഇവർ സമീപത്തുള്ള റബർ തോട്ടത്തിലെ നാല്പത് ആടിയോളം താഴ്ചയുള്ള പൊട്ട കിണറ്റിലേക്ക് വീഴുകയായിരുന്നു. രണ്ടാൾ പൊക്കത്തിൽ വെള്ളമുള്ള കിണറ്റൽ മുങ്ങി താഴുന്നതിനിടയിൽ പിടികിട്ടിയ ഒരു മരവള്ളിയിൽ പിടിച്ച് ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ തൂങ്ങി നിന്നത് ഒരു രാത്രിയും പകലുമാണ്. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഇവരെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കിണറിന്റെ അടിത്തട്ടിൽ ഒരു പകലും രാത്രിയും മരണത്തോട് മല്ലടിച്ചതിന് ശേഷം ദൈവകൃപ കൊണ്ട് മാത്രമാണ് മരണത്തിന്റെ ശക്തികളുടെ മേൽ വിജയം വരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കയറിയ എലിസബത്ത് ബാബുവിനെ മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ സന്ദർശിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിൽ പകച്ച് നിന്ന തന്റെ അനുഭവത്തെ കുറിച്ച് മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പയും ഓർത്തെടുത്തു. പന്ത്രണ്ട് വയസ്സുള്ളപ്പോൾ മല്ലപ്പള്ളിയിലുള്ള തന്റെ കുടുംബ വീട്ടിൽ വെള്ളം കൊരുന്നതിന് ഇടയിൽ കിണറിന്റെ മരപ്പാലം ഒടിഞ്ഞു മാർ സെറാഫീം കിണറ്റിൽ വീഴുകയായിരുന്നു. മൂത്ത സഹോദരനാണ് തന്റെ നിലവിളി കേട്ട് ഓടിയെത്തി രക്ഷപ്പെടുത്തിയത്. വർഷങ്ങൾക്ക് ശേഷം മാർ സെറാഫീമിന്റെ മൂത്ത സഹോദരിയും വെള്ളം കൊരുന്നതിന് ഇടയിൽ ഇതെ കിണറിന്റെ മരപ്പാലം ഒടിഞ്ഞു കിണറ്റിൽ വീണിരുന്നു. മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അൻസിൽ സക്കറിയാ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ, വയല മാർത്തോമ്മാ ഇടവക വികാരി റവ വിപിൻ സാം തോമസ്, റവ ഏബ്രഹാം സാംസൺ, അനൂപ് രാജ്, ഡെയ്സി ഷാജൻ എന്നിവർക്കൊപ്പമാണ് മാർ സെറാഫീം എലിസബത്ത് ബാബുവിനെ സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *