പ്രകൃതി ക്ഷോഭമുണ്ടായാൽ ക്രഷർ യൂണിറ്റ് ജീവന് ഭീഷണിയാകാം: മനുഷ്യാവകാശ കമ്മിഷൻ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പ്രകൃതി ക്ഷോഭമോ മറ്റോ ഉണ്ടായാൽ കോന്നി പയ്യനാമണ്ണിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റ് ജീവന് ഭീഷണിയാണെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരനെയും പാറമട ഉടമയെയും നേരിൽ കേട്ട് രമ്യമായി പരിഹരിക്കാൻ കഴിയാവുന്നതാണോ എന്ന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ദുരന്തനിവാരണ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്ക് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകി.

മല്ലേലിൽ ഇൻഡസ്ട്രീസ് എന്ന ക്രഷർ യൂണിറ്റിനെതിരെ പയ്യനാമൺ സ്വദേശി ശ്രീകാന്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കോന്നി തഹസിൽദാർ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പാറമടയിലെ മേൽമണ്ണ് നീക്കി രാസവസ്തു ഉപയോഗിച്ച് പൊട്ടിക്കുന്നത് കാരണം കുന്നിൻ മുകളിലുള്ള പരാതിക്കാരന്റെ വീടിന് ഭീഷണിയുള്ളതായി പറയുന്നു. മഴക്കാലത്ത് മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കോന്നിത്താഴം വില്ലേജ് ഓഫീസർ കമ്മിഷനെ അറിയിച്ചു.

കോന്നി തഹസിൽദാറുമായി നടന്ന ചർച്ചയിൽ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിരുന്ന ക്രഷർ ഉടമ അതിൽ നിന്ന് പിൻവാങ്ങിയെന്നും പാറമടയുടെ മുകൾ ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കണമെന്നും മണ്ണും കല്ലു നീക്കം ചെയ്യുന്നത് തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

തുടർന്ന് കൂടുതൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ കമ്മിഷൻ കോന്നി തഹസിൽദാർക്കും പരിസ്ഥിതി എൻജിനീയർക്കും നിർദ്ദേശം നൽകി.
ക്രഷർ യൂണിറ്റിൽ ശബ്ദ, പരിസ്ഥിതി മലിനീകരണം നടക്കുന്നില്ലെന്നും അടുത്ത വർഷം വരെ പ്രവർത്തനാനുമതിയുണ്ടെന്നും മലീനീകരണ നിയന്ത്രണ ബോർഡ് കമ്മിഷനെ അറിയിച്ചു. എന്നാൽ പരാതിക്കാരന്റെ വീട് നിൽക്കുന്നത് ചെങ്കുത്തായ പ്രദേശത്താണെന്നും മഴക്കാലമായാൽ ഇടിഞ്ഞുവീഴുവാൻ സാധ്യതയുണ്ടെന്നും കോന്നി തഹസിൽദാർ ആവർത്തിച്ചു. പാറമടയിൽ പാറ പൊട്ടിച്ചാൽ പരാതിക്കാരന്റെ വീടിന് ഭീഷണിയുണ്ടാവുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പാറമടയിലെ ജലമലിനീകരണം സംബന്ധിച്ച് പരിശോധന നടത്തിയിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *