ആത്മഹത്യയ്ക്കും കൊലകൾക്കുമിടയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ മനുഷ്യത്വത്തിന്റെ ചേരിയിൽ നിൽക്കണം

Uncategorized
Print Friendly, PDF & Email

പത്തനംതിട്ട – ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ മനുഷ്യത്വത്തിന്റെ ചേരിയിൽ നിൽക്കണം -കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരും തൊഴിലില്ലാത്ത ചെറുപ്പക്കാരും ആത്മഹത്യ ചെയ്യുന്നത് രാജ്യത്തിന്റെ ഭക്ഷ്യ ഉത്പാദകരായ കർഷകരോടുള്ള അവഗണനയും സാമ്പത്തിക തകർച്ചയും വികസനമില്ലായ്മയുമാണ് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.സ്ത്രീ സുരക്ഷയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ ഇല്ലാതായിരിക്കുന്നു.

വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ഭീതിയിൽ ജനങ്ങൾ സ്വന്തം ഭവനങ്ങളിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് അടിയന്തിരമായി മാറ്റമുണ്ടാക്കണം.വന്യജീവികളുടെ ശല്യമില്ലാതെ കർഷകന് കൃഷി ചെയ്യുന്നതിനുള്ള സുരക്ഷ നൽകാൻ സർക്കാരിന് കഴിയണം. കുംഭകോണ മാമാങ്കങ്ങൾ അവസാനിപ്പിച്ച് അടിസ്ഥാന വർഗ്ഗത്തിന്റെയും അടിസ്ഥാന തലങ്ങളുടേയും വികസനത്തിന് പ്രഥമ പരിഗണന കൊടുക്കണം.പൊള്ളയായ വാഗ്ദാനങ്ങളെ തിരിച്ചറിയാനും നിലവിലുള്ള ഭരണങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും കഴിയണം.
മഹാത്മാഗാന്ധി തമസ്കരിക്കപ്പെട്ടാൽ ഇന്ത്യയുടെ ആത്മാവാണ് നശിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യവും,മതേതരത്വം നിലനിർത്തുന്നതിനും;അഴിമതിയും വിലക്കയറ്റവും ഇല്ലാതാക്കുന്നതിനുള്ള വേദിയായും ഈ തിരഞ്ഞെടുപ്പിനെ കാണണം.മയക്കുമരുന്നുകളുടെ സാർവ്വത്രികമായ ലഭ്യത പുതിയ തലമുറയെ നശിപ്പിക്കുകയും സമൂഹത്തിന്റെ താളം തെറ്റിക്കുകയും ചെയ്തു.ക്രിമിനലുകളുടെ വളർച്ച വന്യമൃഗങ്ങളുടെ ആക്രമണത്തേക്കാൾ ഭീകരമായിരിക്കുന്നു.വമ്പൻ അഴിമതികളും,ധൂർത്തും,പൊതു മേഖലയെ തകർത്ത് സ്വകാര്യ വമ്പൻമാരെ വളർത്തുന്നതും സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കിയെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ ജില്ലാ വൈസ് ചെയർമാൻ പ്രൊഫ. ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു.
ഡോ: ഡി.ഗോപീമോഹൻ മുഖ്യ പ്രഭാഷണം നടത്തി. ബിനു എസ്.ചക്കാലയിൽ,ഏബൽ മാത്യു, ശ്രീദേവീ ബാലകൃഷ്ണൻ, സോമൻ ജോർജ്ജ്, ജോസ് പനച്ചക്കൽ അനുപ് മോഹൻ, വർഗീസ് പൂവൻ പാറ, പി.റ്റി.രാജു, ബിന്ദു ബിനു, മറിയാമ്മ വർക്കി, മിനി സെബാസ്റ്റ്യൻ, ഓമന സത്യൻ, ഉഷാ തോമസ്, വിജയ ലക്ഷ്മി ഉണ്ണിത്താൻ, ലീലാമ്മ പീറ്റർ എന്നിവർ പ്രസംഗിച്ചു.

കെ.പി.ജി.ഡി.തിരുവല്ല നിയോജക മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ വാലുപറമ്പിലിന്റെ അകാല നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ബിനു എസ്.ചക്കാലയിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് അനുശോചന പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം. പി.യുടെ വിജയയത്തിനുവേണ്ടി കുടുംബ സദസുകൾ സംഘടിപ്പിക്കാനും, എന്തിന് വോട്ടു ചെയ്യണം എന്ന് വ്യക്തമാക്കുന്ന ഫ്ലക്സുകൾ വെയ്ക്കാനും, ലഘു ലേഖകൾ ഇറക്കാനും, പ്രചരണ യോഗങ്ങൾ നടത്താനും, സോഷ്യൽ മീഡിയ സെൽ പ്രവർത്തിപ്പിക്കാനും തീരുമാനിച്ചു.

ഫോട്ടോ ക്യാപ്ഷൻ:-
കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ നേതൃയോഗം ജില്ലാ ചെയർമാൻ കെ.ജി. റെജി. ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *