അർബുദ രോഗിക്കായി സഹജീവികളുടെ സഹായഹസ്തം

Kerala Pathanamthitta
Print Friendly, PDF & Email

@സന്തോഷ് സദാശിവമഠം

തിരുവല്ല : കടപ്ര സ്വദേശിയായ അർബുദ ബാധിതയ്ക്കായി കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി ഒരു ദിവസം കൊണ്ട് സമാഹരിച്ചത് ഒന്നര ലക്ഷത്തോളം രൂപ. കടപ്ര പഞ്ചായത്തിലെ നാലാം വാർഡിൽ മുത്തൂറ്റ് പള്ളത്ത് മാലി വീട്ടിൽ രത്നമ്മ സുരേന്ദ്രനെ സഹായിക്കുന്നതിന് വേണ്ടിയാണ് തുക സമാഹരിച്ചത്. അർബുദ രോഗ ബാധിതയായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള രത്നമ്മയുടെ വീടും ജീർണാവസ്ഥയിലാണ്. രത്നമ്മയുടെ ഭർത്താവും പ്രായാധിക്യമായ രോഗങ്ങളാൽ അവശനാണ്. 24 കാരനായ മകന് – പ്ലംബിങ് ജോലികളിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രത്നമ്മയുടെ ചികിത്സയും വീട്ടു ചെലവുകളും നടന്നുവന്നിരുന്നത്. മരുന്നുകൾക്കും നിത്യ ചെലവിനും ആയി ഏറെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിൻ്റെ ദുരവസ്ഥ ആശാവർക്കർ നിന്നും മനസ്സിലാക്കിയ നാലാം വാർഡിലെ കനിവ് സൊസൈറ്റി ഭാരവാഹികൾ കുടുംബത്തിന് സഹായ ഹസ്തവുമായി എത്തുകയായിരുന്നു. ഭാരവാഹികളായ സി ആർ രെജു , രമേശ് മാലിയിൽ, രഘുനാഥൻ നായർ, ഉണ്ണികൃഷ്ണൻ, മാത്യൂസ് എം ചാക്കോ, രെഞ്ചു ആർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി നടത്തിയ ധന ശേഖരണത്തിലൂടെയാണ് തുക കണ്ടെത്താനായത്. സമാഹരിച്ച തുക ഉടൻതന്നെ കുടുംബത്തിന് കൈമാറുമെന്നും രത്നമ്മയുടെ തുടർ ചികിത്സയ്ക്കുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി തിരുവല്ല ഏരിയ ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആൻറണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *